cpim-leader-g-sudhakaran-clarification

തന്നെക്കുറിച്ചുള്ള തെറ്റായ വാർത്തകൾക്ക് വിരാമമിട്ട് ജി. സുധാകരൻ. താൻ  യു.ഡി.എഫ് പിന്തുണയിൽ തിരഞ്ഞെടുപ്പിൽ  മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. വീട്ടില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്തസമ്മേളനത്തിലാണ് ജി.സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്. താൻ പാർട്ടി വിടുമെന്ന തരത്തിൽ പുറത്തുവരുന്നത് താൻ പറയാത്ത കാര്യങ്ങളാണ്. പാർട്ടിക്കുള്ളിലെ ചില 'പൊളിറ്റിക്കൽ ക്രിമിനലുകൾ' തന്നെ ബോധപൂർവ്വം വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. "ക്രിമിനലുകളെ കൂടെ കൊണ്ടുനടന്ന് തന്നെ വ്യക്തിഹത്യ നടത്തുകയാണ്. എന്റെ അച്ഛനെ വരെ അവർ അപമാനിച്ചു. മാധ്യമങ്ങൾക്ക് തെറ്റായ വാർത്തകൾ നൽകുന്നതിന് പിന്നിൽ ഇത്തരം സംഘങ്ങളാണ്. ദേശാഭിമാനി പോലും എന്റെ വാർത്തകൾ കൊടുക്കാറില്ല. പെരുമ്പളം പാലം യാഥാർത്ഥ്യമാക്കുന്നതിൽ ഞാൻ വഹിച്ച പങ്ക് അവർ മിണ്ടിയിട്ടില്ല," അദ്ദേഹം വികാരാധീനനായി പറഞ്ഞു.

പാർട്ടി മെമ്പർഷിപ്പ് പുതുക്കാതിരുന്നതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ആരും നിർബന്ധിച്ചിട്ടല്ല മെമ്പർഷിപ്പ് പുതുക്കാതിരുന്നത്. ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ബ്രാഞ്ചിൽ 18 അംഗങ്ങളുണ്ട്. അതിൽ ആരോ ഒരാൾ വിവരം മാധ്യമങ്ങൾക്ക് നൽകിയതിനാലാണ് ഫെയ്സ്ബുക്ക് പോസ്റ്റിടേണ്ടി വന്നത്. 63 വർഷം മുൻപ് തന്റെ 15-ാം വയസ്സിൽ ബൗദ്ധികമായ മികവ് കണ്ടാണ് തന്നെ പാർട്ടിയിൽ ചേർത്തതെന്നും അന്ന് മുതൽ പാർട്ടി ആശയങ്ങൾക്കായി ജീവിച്ച വ്യക്തിയാണ് താനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സി.പി. എം ജനറല്‍ സെക്രട്ടറി  എം.എ. ബേബി വീട്ടിലെത്തി തന്നെ കണ്ടത് ഔദ്യോഗിക ദൗത്യത്തിന്റെ ഭാഗമല്ലെന്ന് സുധാകരൻ പറഞ്ഞു. "എം.എ. ബേബിയും ഭാര്യയും വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചു മടങ്ങി. സി.എസ്. സുജാതയും ഹരിശങ്കറും വന്നിരുന്നു. ഇതൊന്നും എന്നെ അനുനയിപ്പിക്കാനുള്ള ദൗത്യങ്ങളല്ല. അത്തരമൊരു സാഹചര്യത്തിന്റെ ആവശ്യമില്ല," അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷത്തെ ഒരു നേതാവുമായും താൻ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ഇന്നും താൻ കൂറുപുലർത്തുന്നുവെന്ന് സുധാകരൻ പറഞ്ഞു. "മാർക്സ് പറഞ്ഞതുപോലെ സ്വന്തം അഭിപ്രായങ്ങൾ നിർഭയം തുറന്നുപറയുന്നത് ഗുണപരമായ കാര്യമാണ്. പാർലമെന്ററി ജനാധിപത്യം വിപ്ലവകാലം വരെയുള്ള ഒരു തന്ത്രമാണ്. അത് കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. മാനിഫെസ്റ്റോയും മൂലധനവും പഠിച്ചാണ് താൻ പ്രവർത്തിക്കുന്നത്. ഇതൊന്നും പഠിക്കാതെ പാർട്ടിയിൽ കടന്നുകൂടിയവരാണ് നേതാക്കളെ എ.ഐ. (AI) ഉപയോഗിച്ച് വരെ അധിക്ഷേപിക്കുന്നത്," അദ്ദേഹം കുറ്റപ്പെടുത്തി.

പ്രായത്തിന്റെ പേരിൽ തന്നെ മാറ്റിനിർത്തുന്നതിനെതിരെ കടുത്ത ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. "നീ ഇത്രയും കാലം ഇരുന്നതല്ലേ, ഇനി താഴെയിറങ്ങ് കിളവാ എന്ന് എന്നോട് ചോദിക്കാൻ ആർക്കും അവകാശമില്ല. ലെനിനും മാവോയും കാസ്ട്രോയും മരണം വരെ ഭരണാധികാരികളായിരുന്നു. എന്റെ കൂടെ രണ്ടുതവണ മന്ത്രിയായ തോമസ് ഐസക്കിനോട് ആരും ഇങ്ങനെയൊന്നും ചോദിക്കുന്നില്ലല്ലോ. മത്സരരംഗത്ത് ജയിക്കാൻ ശേഷിയുള്ളവരെയാണ് നിർത്തേണ്ടത്. ഏത് ബൂർഷ്വാ പ്രഭാഷകന്റെ മുന്നിലും തോൽക്കാതെ സംസാരിക്കാൻ പഠിച്ച തലമുറയുടെ അവസാന കണ്ണിയാണ് ഞാൻ," അദ്ദേഹം പറഞ്ഞു. താൻ എന്നും ദുരിതമനുഭവിക്കുന്നവരുടെ കൂടെയായിരിക്കുമെന്നും ഒരു തരത്തിലുള്ള വർഗ്ഗീയതയോടും യോജിക്കില്ലെന്നും ജി. സുധാകരൻ വ്യക്തമാക്കി.

ENGLISH SUMMARY:

CPIM leader G Sudhakaran has refuted recent news circulating about him, stating that the reports of him contesting the assembly elections or seeking UDF support are baseless and fabricated by the media. He clarified that he has not spoken to any opposition leader or communicated with anyone regarding his political future, emphasizing his commitment to remaining a full-time party worker.