നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ സീറ്റിൽ തങ്ങളുടെ പ്രതിനിധിയെ മത്സരിപ്പിക്കണമെന്ന ആവശ്യവുമായി എറണാകുളം-അങ്കമാലി അതിരൂപത രംഗത്തെത്തി. സിറോ മലബാർ സഭ പാസ്റ്ററൽ കൗൺസിൽ അംഗമായ മനോജ് മൂത്തേടനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് സഭ ഹൈക്കമാൻഡിന് കത്തുനൽകി. നിലവിലെ എം.എൽ.എ എൽദോസ് കുന്നപ്പള്ളിയുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലാത്ത പശ്ചാത്തലത്തിലാണ് സഭയുടെ ഈ നീക്കം.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യ പട്ടിക ഉടൻ പുറത്തിറങ്ങും. 51 സ്ഥാനാർത്ഥികളെ ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് നീക്കം. 20 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെക്കൂടി അന്തിമമാക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്. ഇതിൽ ഒൻപത് മണ്ഡലങ്ങളിൽ ഏകകണ്ഠമായി സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടുണ്ട്.
ഒറ്റപ്പേരിലേക്ക് എത്തിയ മണ്ഡലങ്ങൾ:
സ്ഥാനാർത്ഥി ചർച്ചകൾക്കായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് നിലവിൽ ഡൽഹിയിലുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നാളെ ഡൽഹിയിലെത്തും. വെള്ളിയാഴ്ച പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുൻപായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നിർണ്ണായക യോഗം ചേരും. പെരുമ്പാവൂരിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം ഈ യോഗത്തിലുണ്ടാകാനാണ് സാധ്യത. 31 സ്ഥാനാർത്ഥികളുടെ പട്ടികയ്ക്ക് ഇതിനോടകം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നൽകിക്കഴിഞ്ഞു.
അതിനിടെ നാട്ടികയില്‍ സി.സി. മുകുന്ദനെ യു.ഡി.എഫ് സ്ഥാനാർഥിയാക്കാനുള്ള നീക്കം കോൺഗ്രസ് ഉപേക്ഷിച്ചു. മുകുന്ദന്റെ സ്ഥാനാർഥിത്വത്തിനെതിരെ മണ്ഡലത്തിലെ കോൺഗ്രസ് പ്രാദേശിക നേതൃത്വം രംഗത്തെത്തിയതാണ് കെ.പി.സി.സിയെ പിൻമാറാൻ പ്രേരിപ്പിച്ചത്. പാർട്ടി പ്രവർത്തകർക്ക് മുൻഗണന നൽകണമെന്ന പ്രാദേശിക വികാരം നേതൃത്വം അംഗീകരിക്കുകയായിരുന്നു.
സുനിൽ ലാലൂർ, സി.കെ. വിനോദ് എന്നിവരുടെ പേരുകളാണ് നിലവിൽ കെ.പി.സി.സിയുടെ പരിഗണനയിലുള്ളത്. യു.ഡി.എഫ് സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സി.സി. മുകുന്ദൻ വ്യക്തമാക്കി.