പാലക്കാട് ജില്ലാ ആശുപത്രിയിൽ നിന്നു പ്ലാസ്റ്ററിട്ട കുട്ടിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ ഡോക്ടർമാർക്ക് ക്ലീൻചീറ്റ് നൽകി അന്വേഷണ റിപ്പോർട്ട്. ജില്ലാ മെഡിക്കൽ ഓഫിസർ നിയോഗിച്ച രണ്ടംഗ അന്വേഷണസംഘമാണ് ഒരു വീഴ്ച്ചയും ഉണ്ടായില്ലെന്ന് കാണിച്ചു റിപ്പോർട്ട് നൽകിയത്. കുട്ടിയുടെ കയ്യിലുണ്ടായിരുന്ന മുറിവിനെ പറ്റിയോ കയ്യിലെങ്ങനെ പഴുപ്പ് വന്നെന്നോ റിപ്പോർട്ടിൽ പരാമർശമില്ല. വിഷയത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി.
ഗുരുതര അനാസ്ഥ മൂലം പല്ലശന സ്വദേശിയായ ഒമ്പതു വയസുകാരി വിനോദിനിയുടെ വലതുകൈ മുറിച്ചു മാറ്റിയ വിവരം പുറത്തെത്തിയതിനു പിന്നാലെയാണ് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. റോഷ് അന്വേഷണ സംഘത്തെ നിയോഗിച്ചത്. പാലക്കാട് മെഡിക്കൽ കോളജിലെ ഓർത്തോപീഡിക്സ് അസിസ്റ്റന്‍റ് പ്രഫസർ ഡോ. സിജു കെ.എം, ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഓർത്തോപിഡിക്സ് ജൂനിയർ കൺസൽട്ടന്‍റ് ഡോക്ടർ ജൗഹർ കെ.ടി എന്നിവരടങ്ങുന്ന സംഘം ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചു. പരിശോധിച്ചു വേണ്ടതെല്ലാം ചെയ്തുവെന്നും ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നായിരുന്നു റിപ്പോർട്ടിൽ. കുട്ടിയുടെ കൈയിലെ രക്ത പ്രവാഹം എങ്ങനെ നിലച്ചുവെന്നും കൈയിൽ എങ്ങനെ പഴുപ്പ് വന്നു എന്നതിനും റിപ്പോർട്ടിൽ പരാമർശമില്ല. റിപ്പോർട്ട് കുടുംബം തള്ളി.
റിപ്പോർട്ട് മെഡിക്കൽ ഓഫിസർ മന്ത്രിക്കു സമർപ്പിക്കും. നിലവിൽ വന്നത് അന്തിമ റിപ്പോർട്ട് അല്ലെന്നും വീഴ്ച്ചയെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്നും അറിയിച്ചു സ്ഥലം എം. എൽ. എ കെ. ബാബു രംഗത്തെത്തി.
സമഗ്ര അന്വേഷണവും സാമ്പത്തിക സഹായവും ആവശ്യപ്പെട്ടു ആരോഗ്യമന്ത്രിക്കും പട്ടികജാതി മന്ത്രിക്കും എംഎൽഎ കത്തു നൽകി. വിഷയത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അന്വേഷണം തുടരുകയാണ്. ഡയറക്ടറുടെ റിപ്പോർട്ട് പരിഗണിച്ചായിരിക്കും തുടർ നടപടിയിൽ തീരുമാനമെടുക്കുക.