49-ാമത് വയലാര്‍ പുരസ്കാരം ഇ.സന്തോഷ് കുമാറിന്. ‘തപോമയിയുടെ അച്ഛന്‍’ എന്ന കൃതിക്കാണ് പുരസ്കാരം. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് പുരസ്‌കാര പ്രഖ്യാപനം നടത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിച്ച ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള ഒരഭയാര്‍ഥി കുടുംബാംഗമായ ഗോപാല്‍ ബറുവയുടെ ജീവിതകഥ പറയുന്ന നോവലാണ് തപോമയിയുടെ അച്ഛന്‍. മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളും അഭയാര്‍ഥി പ്രവാഹങ്ങളുടെ പശ്ചാത്തലവും നോവലില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. 2006-ല്‍ ചാവുകളി എന്ന ചെറുകഥാ സമാഹാരത്തിനും 2012-ല്‍ അന്ധകാരനഴി എന്ന നോവലിനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ ഇ. സന്തോഷ് കുമാര്‍ നേടിയിട്ടുണ്ട്.
ടി.ഡി. രാമകൃഷ്ണന്‍, ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ്, പ്രിയ എ.എസ്. എന്നിവര്‍ അടങ്ങിയതാണ് ജഡ്ജിങ് കമ്മിറ്റി. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ ജഡ്ജിങ് കമ്മിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് 5.30-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പുരസ്‌കാര സമര്‍പ്പണ ചടങ്ങ്.