ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് പാക്കിസ്ഥാൻ പിന്മാറുന്നു. ബംഗ്ലദേശിന്റെ അഭ്യർഥനയെത്തുടർന്നാണിത്. വിഷയത്തിൽ അടുത്ത 24 മണിക്കൂറിനകം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്സിൻ നഖ്‌വി തിങ്കളാഴ്ച പറഞ്ഞു. അതേസമയം ഇന്ത്യ പാക്കിസ്ഥാന്‍ മല്‍സരം മുന്‍നിശ്ചയിച്ച പ്രകാരം ഞായറാഴ്ച്ച നടക്കുമെന്ന് ഐസിസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

 

ബഹിഷ്കരണ ആഹ്വാനം പിൻവലിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയും പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനോട് ഫോണിൽ അഭ്യർഥിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഭ്യർഥനയോട് അനുകൂലമായി പ്രതികരിച്ച ഷരീഫ്, ഇന്ത്യയ്‌ക്കെതിരെ കളിക്കുമെന്ന് ഉറപ്പുനൽകിയതായി 'ജിയോ ന്യൂസ്' റിപ്പോർട്ട് ചെയ്തു.

 

ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ച ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിനെതിരെ പിഴ ചുമത്തുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്യില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഉറപ്പുനല്‍കി. ഇതും പാക്കിസ്ഥാന്‍ അനുകൂലതീരുമാനമെടുക്കാന്‍ കാരണമായി. 

 

ഇരുപത് കോടിയിലേറെ ആവേശഭരിതരായ ആരാധകരുള്ള, ക്രിക്കറ്റിലെ ഏറ്റവും സജീവമായ വിപണികളിലൊന്നായ ബംഗ്ലദേശിലെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് എല്ലാ പിന്തുണയും തുടരുമെന്നും ഐസിസി വ്യക്തമാക്കി.  ദേശീയ ടീം ലോകകപ്പിൽ പങ്കെടുക്കാത്തത് രാജ്യത്തെ ക്രിക്കറ്റിനെ ദീർഘകാലത്തേക്ക് ബാധിക്കില്ലെന്ന് ഉറപ്പാക്കുമെന്നും ഐസിസി അറിയിച്ചു.

ENGLISH SUMMARY:

Pakistan is withdrawing from its decision to boycott the match against India in the T20 World Cup. This change comes following a request from Bangladesh. An official announcement on the matter will be made within the next 24 hours, Pakistan Cricket Board (PCB) chairman Mohsin Naqvi said on Monday. Meanwhile, the ICC stated in a press release that the India–Pakistan match will take place as scheduled on Sunday.