പത്തുവര്‍ഷമായി മുഖ്യമന്ത്രി പദവിയിലുള്ള പിണറായി വിജയന്‍, അഞ്ചുവര്‍ഷമായി പ്രതിപക്ഷനേതാവിന്‍റെ റോളില്‍ തകര്‍ക്കുന്ന വി.ഡി.സതീശന്‍. മുഖ്യമന്ത്രി പദവി ആഗ്രഹിക്കുന്ന മറ്റനേകം പേര്‍. ആരാണ് കേരളത്തിലെ വോട്ടര്‍മാരുടെ മനസില്‍? മനോരമന്യൂസ് ഇതേ ചോദ്യം സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വോട്ടര്‍മാരോട് ചോദിച്ചു. മികച്ച മുഖ്യമന്ത്രിസ്ഥാനാര്‍ഥി ആര് എന്നായിരുന്നു ചോദ്യം. Also Read: പ്രധാനമന്ത്രിയുടെ റേറ്റിങ് കേരളത്തില്‍ എങ്ങനെ? മോദിയോ രാഹുലോ ജനപ്രിയന്‍? മനോരമന്യൂസ് സര്‍വേ ഫലം...
ഡിസംബറില്‍ ഈ ചോദ്യമുന്നയിച്ചപ്പോള്‍ സംസ്ഥാനത്തെ വോട്ടര്‍മാരില്‍ കൂടുതല്‍ പേര്‍ പിണറായി വിജയനൊപ്പം ഉറച്ചുനിന്നു. ജനുവരിയിലും ഇതില്‍ മാറ്റമുണ്ടായില്ല. പക്ഷേ ഡിസംബറില്‍ വളരെ പിന്നിലായിരുന്ന വി.ഡി.സതീശന്‍ ജനുവരി ആയപ്പോഴേക്കും റേറ്റിങ് ഇരട്ടിയാക്കി. അപ്പോഴും പിണറായിക്കായിരുന്നു മേല്‍ക്കൈ. എന്നാല്‍ ഫെബ്രുവരി ആയപ്പോഴേക്കും ചിത്രം മാറി. ഏറ്റവും ഒടുവില്‍ നടന്ന സര്‍വേയില്‍ നേരിയ വ്യത്യാസത്തിന് വി.ഡി.സതീശന്‍ പിണറായിക്ക് മുന്നിലെത്തി. 24.1 ശതമാനം പേര്‍ സതീശനെ പിന്തുണച്ചപ്പോള്‍ പിണറായിക്കൊപ്പം നിന്നത് 22.4 ശതമാനം.
നിയമസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി മനോരമ ന്യൂസ് ആരംഭിച്ച വീക്‌ലി സര്‍വേ, ‘ഇലക്ഷന്‍ പള്‍സി’ലാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടര്‍മാര്‍ മാര്‍ക്കിട്ടത്. വി.ഡി.സതീശനും പിണറായിക്കും പിന്നിലായി ജനപിന്തുണയില്‍ മൂന്നാമത് ശശി തരൂര്‍ ആണ്. 11.3 ശതമാനം പേര്‍ തരൂരിനെ പിന്തുണച്ചു. ഡിസംബറിലും ജനുവരിയിലും 14.6 ശതമാനം ആയിരുന്നു തരൂരിന്‍റെ റേറ്റിങ്. സതീശന്‍റെ മുന്നേറ്റത്തില്‍ ഇത് ഇടിഞ്ഞു. സര്‍വേയില്‍ പങ്കെടുത്ത 44.2 ശതമാനം പേര്‍ മറ്റുനേതാക്കളെയും പിന്തുണച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും 18 വയസിന് മുകളില്‍ പ്രായമുള്ള മലയാളി വോട്ടര്‍മാരുടെ പ്രതികരണമാണ് മനോരമന്യൂസ് സി–വോട്ടര്‍ സര്‍വേയില്‍ ശേഖരിച്ചത്. സ്നാപ് പോളില്‍ 1352 പേരും ട്രാക്കര്‍ സര്‍വേയില്‍ 3373 പേരും പങ്കെടുത്തു. ഫെബ്രുവരി ആദ്യവാരമാണ് സര്‍വേ നടത്തിയത്. കേരളത്തിന്‍റെ ജനസംഖ്യാഘടന അനുസരിച്ചുള്ള സാംപിള്‍ ശേഖരിച്ചായിരുന്നു സര്‍വേ.