modi-performance-3

നിയമസഭാതിരഞ്ഞെടുപ്പ് വരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്‍റെ നേട്ടങ്ങളും ഇമേജും ഒക്കെത്തന്നെയാണ് കേരളത്തിലും ബിജെപിയുടെ തുരുപ്പുചീട്ട്. മോദി വിജയം കൊണ്ടുവരുമെന്ന് സംസ്ഥാനനേതാക്കള്‍ ഉറച്ചുവിശ്വസിക്കുമ്പോള്‍ കേരളത്തിലെ വോട്ടര്‍മാര്‍ ഇപ്പോള്‍ എന്താണ് ചിന്തിക്കുന്നത്. ഇതേ ചോദ്യം മനോരമന്യൂസ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വോട്ടര്‍മാരോട് ചോദിച്ചു. കഴിഞ്ഞ രണ്ട് മാസങ്ങളിലെ റേറ്റിങ്ങില്‍ നിന്ന് മോദി മുന്നോട്ടോ പിന്നോട്ടോ? ഉത്തരം ബിജെപി സംസ്ഥാനനേതൃത്വത്തെ അല്‍പമെങ്കിലും ആശങ്കപ്പെടുത്തുന്നതായിരിക്കും. Also Read: മുഖ്യമന്ത്രിയുടെ റേറ്റിങ് എങ്ങനെ? എല്‍ഡിഎഫ് തുടരണോ? മനോരമന്യൂസ് സര്‍വേ ഫലം ഇതാ...


പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ റേറ്റിങ് ഇടിഞ്ഞു എന്നാണ് കഴിഞ്ഞയാഴ്ചത്തെ സര്‍വേയുടെ ഫലം. 45.5 ശതമാനം പേര്‍ പ്രധാനമന്ത്രിയുടെ പ്രകടനം മോശം എന്നാണ് വിലയിരുത്തിയത്. ഡിസംബറില്‍ 28 ശതമാനം പേര്‍ മാത്രമായിരുന്നു മോദിയുടേത് മോശം പ്രകടനം എന്ന് അഭിപ്രായപ്പെട്ടത്. ജനുവരി ആയപ്പോള്‍ ഇത് 36.3 ശതമാനമായി.  കഴിഞ്ഞയാഴ്ച അഭിപ്രായം ചോദിച്ചപ്പോള്‍ ഇത് 45.5 ആയി. പ്രധാനമന്ത്രിയുടെ പ്രകടനം നല്ലതാണ് എന്ന് പറഞ്ഞവരുടെ എണ്ണത്തിലും സ്വാഭാവികമായും കുറവുണ്ടായി. ഡിസംബറില്‍ 34.3 ശതമാനം പേരാണ് മോദിയില്‍ വിശ്വാസമര്‍പ്പിച്ചത്. ജനുവരിയില്‍ അത് 35.8 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ ഫെബ്രുവരിയില്‍ ഇത് 31.2 ശതമാനമായി ഇടിഞ്ഞു.

നിയമസഭാതിര‍ഞ്ഞെടുപ്പിന് മുന്നോടിയായി മനോരമ ന്യൂസ് ആരംഭിച്ച വീക്‌ലി സര്‍വേ, ‘ഇലക്ഷന്‍ പള്‍സി’ലാണ് പ്രധാനമന്ത്രിയുടെ പ്രകടനത്തിന് വോട്ടര്‍മാര്‍ മാര്‍ക്കിട്ടത്. കേരളത്തില്‍ മോദിയോ രാഹുല്‍ ഗാന്ധിയോ ജനപ്രിയന്‍ എന്ന ചോദ്യം കൂടി സര്‍വേയില്‍ ഉയര്‍ന്നു. ഇതിനുള്ള മറുപടിയും പ്രധാനമന്ത്രിയുടെ റേറ്റിങ്ങില്‍ വന്ന ഇടിവിന് സമാനമായിരുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 48.5 പേരും രാഹുല്‍ ഗാന്ധിക്കൊപ്പമാണ് നിന്നത്. 30.7 പേര്‍ മോദിക്കൊപ്പം നിന്നു. 20.8 പേര്‍ മറ്റ് നേതാക്കളെയാണ് പിന്തുണച്ചത്.

ഡിസംബറില്‍ മോദിയുടെ ജനപ്രീതി 28.5 ശതമാനമായിരുന്നു. ജനുവരിയില്‍ അത് 33 ശതമാനമായി ഉയര്‍ന്നു. ഫെബ്രുവരിയില്‍ 31 ശതമാനത്തിന് താഴെയുമെത്തി. രാഹുല്‍ ഗാന്ധിയുടെ ഡ‍ിസംബര്‍ റേറ്റിങ് 33.5 ശതമാനമായിരുന്നു. ജനുവരിയില്‍ ഇത് 42.6 ശതമാനമായി. ഇപ്പോള്‍ വീണ്ടും 6 ശതമാനം ഉയര്‍ന്ന് 48.5ലെത്തി.

സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും 18 വയസിന് മുകളില്‍ പ്രായമുള്ള മലയാളി വോട്ടര്‍മാരുടെ പ്രതികരണമാണ് മനോരമന്യൂസ്  സി–വോട്ടര്‍ സര്‍വേയില്‍ ശേഖരിച്ചത്. സ്നാപ് പോളില്‍ 1352 പേരും ട്രാക്കര്‍ സര്‍വേയില്‍ 3373 പേരും പങ്കെടുത്തു. ഫെബ്രുവരി ആദ്യവാരമാണ് സര്‍വേ നടത്തിയത്. കേരളത്തിന്‍റെ ജനസംഖ്യാഘടന അനുസരിച്ചുള്ള സാംപിള്‍ ശേഖരിച്ചായിരുന്നു സര്‍വേ.

ENGLISH SUMMARY:

The latest Manorama News-C Voter ‘Election Pulse’ survey reveals a notable decline in Prime Minister Narendra Modi's approval ratings among Kerala voters as the state approaches assembly elections. The data shows that 45.5% of respondents now rate the PM's performance as "poor," a sharp increase from 28% in December, while his "good" rating fell to 31.2%. In a direct popularity contest, Rahul Gandhi has emerged as the clear favorite in Kerala, with 48.5% of voters supporting him compared to 30.7% for Modi. These shifting sentiments, tracked over the first week of February 2026, suggest a growing challenge for the BJP's leadership-centric campaign strategy in the state.