cm-performance-survey-2

ശബരിമല സ്വര്‍ണക്കൊള്ളയും വി.കുഞ്ഞിക്കൃഷ്ണന്‍റെ ആരോപണങ്ങളുമെല്ലാം പ്രതിരോധിക്കാന്‍ ഇടതുമുന്നണിയും സര്‍ക്കാരും പെടാപ്പാട് പെടുന്ന സമയമാണ്. സര്‍ക്കാരിലും പാര്‍ട്ടിയിലും അവസാനവാക്കായ, മുന്നണിയുടെയും സര്‍ക്കാരിന്‍റെയും മുഖമായ മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ച് ഈസമയത്ത് വോട്ടര്‍മാര്‍ എന്താണ് ചിന്തിക്കുന്നത്? ‘ഇലക്ഷന്‍ പള്‍സ്’ സര്‍വേയില്‍ മനോരമന്യൂസ് വോട്ടര്‍മാരോട് ഈ ചോദ്യം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ പ്രകടനം എങ്ങനെ വിലയിരുത്തുന്നു എന്നായിരുന്നു ചോദ്യം. Also Read: ശബരിമലയോ രാഹുല്‍ മാങ്കൂട്ടത്തിലോ? വോട്ടില്‍ പ്രതിഫലിക്കുന്നതെന്ത്? മനോരമന്യൂസ് സര്‍വേ ഫലം

മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍റെ പ്രകടനം നല്ലതാണെന്ന് പറയുന്നത് 27 ശതമാനം പേരാണ്. ഡിസംബറില്‍ നടത്തിയ സര്‍വേയില്‍ പിണറായിയുടെ റേറ്റിങ് 29.1 ആയിരുന്നു. ജനുവരിയില്‍ 27.1 ആയി കുറഞ്ഞു. കഴിഞ്ഞയാഴ്ച അത് നേരിയ തോതില്‍ വീണ്ടും കുറഞ്ഞു. 27 ശതമാനം. മുഖ്യമന്ത്രിയുടേത് ശരാശരി പ്രകടനമാണെന്ന് കരുതുന്നവര്‍ 16.2 ശതമാനമാണ്. 3.7 ശതമാനം പേര്‍ അഭിപ്രമായമില്ല എന്നും പറഞ്ഞു.

എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രകടനം മോശമെന്നാണ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം അഭിപ്രായപ്പെട്ടത്. 53.1 ശതമാനം. ഡിസംബറില്‍ ഇവരുടെ സംഖ്യ 45 ശതമാനമായിരുന്നു. ജനുവരിയില്‍ അത് 49 ആയി ഉയര്‍ന്നു. ഇപ്പോള്‍ അത് വീണ്ടും കുറഞ്ഞ് 53 ശതമാനത്തിന് മുകളിലെത്തി. നിയമസഭാതിര‍ഞ്ഞെടുപ്പിന് മുന്നോടിയായി മനോരമ ന്യൂസ് ആരംഭിച്ച വീക്‌ലി സര്‍വേ, ‘ഇലക്ഷന്‍ പള്‍സി’ലാണ് മുഖ്യമന്ത്രിയുടെ പ്രകടനത്തിന് വോട്ടര്‍മാര്‍ മാര്‍ക്കിട്ടത്.

സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും 18 വയസിന് മുകളില്‍ പ്രായമുള്ള മലയാളി വോട്ടര്‍മാരുടെ പ്രതികരണമാണ് സി–വോട്ടര്‍ ശേഖരിച്ചത്. സ്നാപ് പോളില്‍ 1352 പേരും ട്രാക്കര്‍ സര്‍വേയില്‍ 3373 പേരും പങ്കെടുത്തു. ഫെബ്രുവരി ആദ്യവാരമാണ് സര്‍വേ നടത്തിയത്. കേരളത്തിന്‍റെ ജനസംഖ്യാഘടന അനുസരിച്ചുള്ള സാംപിള്‍ ശേഖരിച്ചായിരുന്നു സര്‍വേ.

ഇടതുസര്‍ക്കാരിന്‍റെ റേറ്റിങ്

ldf-government-survey-03

‘ഇടതുസര്‍ക്കാര്‍ തുടരണോ?’ എന്ന നിര്‍ണായക ചോദ്യത്തിന് 40.3 ശതമാനം വോട്ടര്‍മാര്‍ നല്‍കിയ മറുപടി ‘തുടരണം’ എന്നായിരുന്നു. എന്നാല്‍ മാറണം എന്നുപറഞ്ഞവര്‍ അവരെ കടത്തിവെട്ടി 53.7 ശതമാനം പേര്‍. 6.1 ശതമാനം പേര്‍ അഭിപ്രായമില്ല എന്നും പറഞ്ഞു. ഡിസംബറില്‍ ഇതേ ചോദ്യമുന്നയിച്ചപ്പോള്‍ 45.9 ശതമാനം പേരാണ് ഇടതുസര്‍ക്കാര്‍ തുടരണം എന്ന് ആഭിപ്രായപ്പെട്ടത്. ജനുവരിയില്‍ അത് 42.1 ശതമാനമായി കുറഞ്ഞു. അപ്പോള്‍ 40.3 ശതമാനവുമായി. ഡിസംബറില്‍ 49.8 ശതമാനം പേരാണ് സര്‍ക്കാര്‍ മാറണം എന്നാവശ്യപ്പെട്ടത്. ജനുവരി ആയപ്പോള്‍ അത് 53.3 ശതമാനമായി. ഇപ്പോള്‍ അല്‍പം കൂടി ഉയര്‍ന്ന് 53.7 ആയി.

ENGLISH SUMMARY:

The latest Manorama News-C Voter ‘Election Pulse’ survey indicates a declining trend in public approval for Chief Minister Pinarayi Vijayan and the LDF government. According to the data, 53.1% of voters now rate the Chief Minister’s performance as "poor," a significant increase from 45% in December. On the critical question of whether the LDF government should continue, 53.7% of respondents favored a change in power, while support for a consecutive term dropped to 40.3%. This shift in voter sentiment comes amid high-profile controversies like the Sabarimala gold theft case, signaling a challenging road ahead for the ruling front.