പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമ്മ ഹീരാബെൻ മോദിക്കും എതിരായ പരാമര്‍ശം വിവാദമായതോടെ ക്ഷമ ചോദിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണി. ജാൻമണി പ്രധാനമന്ത്രിയെ പരിഹസിക്കുകയും, അദ്ദേഹത്തിന്റെ മാതാപിതാക്കളെ അപമാനിക്കുന്ന തരത്തിലുമുള്ള വിഡിയോ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതില്‍ കടുത്ത വിമര്‍ശമുയര്‍ന്നതോടെയാണ് മാപ്പ് പറഞ്ഞ് ജാന്‍മണി ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവച്ചത്.
'എന്‍റെ ഒരു വിഡിയോ വലിയ പ്രശ്നമായി പോയി. രാവിലെ മുതല്‍ എനിക്ക് ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു. പിന്നെ സുഹൃത്തുക്കള്‍ വിളിച്ച് കാര്യം പറഞ്ഞു. അപ്പോള്‍ തന്നെ ആ വിഡിയോ കൊടുത്ത എല്ലാവരേയും വിളിച്ച് അത് നീക്കം ചെയ്തു. ആരേയും വേദനിപ്പിക്കാന്‍ പറഞ്ഞതല്ല. എന്‍റെ കയ്യില്‍ നിന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. എന്‍റെ തെറ്റാണ്, അങ്ങനെയൊരു പ്രസ്താവന നടത്തുന്നതിന് മുന്നേ അത് പരിശോധിച്ചില്ല. അത് ആരും ഗൗരവത്തിലെടുക്കരുത്. ഒരു തമാശയായി കണ്ടാല്‍ മതി,' ജാന്‍മണി പറഞ്ഞു.
മുന്‍പ് പ്രചരിച്ച വിഡിയോയില്‍ മോദിയുടെ മാതാപിതാക്കളെ അപഹസിച്ച് ജാന്‍മണി സംസാരിച്ചിരുന്നു. ‘1947 ലാണ് മോദിയുടെ അച്ഛൻ മരിച്ചത്. നരേന്ദ്രമോദി ജനിച്ചത് 1950 ആണ്. ഫസ്റ്റ് അവൻ അവന്റെ അച്ഛനെ കണ്ടു പിടിക്കട്ടെ. മൂന്നുവർഷം അമ്മയ്‌ക്ക് പ്രഗ്നൻസി ഉണ്ടാകില്ലല്ലോ’, എന്നായിരുന്നു പ്രസ്താവന. ഇത് പിന്നീട് ഗൂഗിള്‍ ചെയ്ത് നോക്കിയെന്നും തന്‍റെ അറിവ് തെറ്റായിരുന്നുവെന്നും ജാന്‍മണി വിഡിയോയില്‍ പറഞ്ഞിരുന്നു.