ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡന്റും രാജിവച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷം. ഹൈക്കോടതി നിരീക്ഷണത്തിലുള്ള സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാഴാഴ്ചമുതല്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കും. ബിജെപിയും കേന്ദ്രഏജന്‍സികളുടെ അന്വേഷണം വേണമെന്ന നിലപാടിലാണ്.
ഉണ്ണികൃഷ്ണൻ പോറ്റിയും സർക്കാരും ദേവസ്വംബോർഡും ചേർന്ന് നടത്തിയ കൂട്ടുകൃഷിയുടെ തുടർച്ചയാണ് ശബരിമലയിലെ സ്വർണക്കൊള്ളയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 2019 ൽ പാളികളിൽ സ്വർണ്ണം പൂശിയതിൽ ഗുരുതര ക്രമക്കേട് നടന്നുവെന്ന് ദേവസ്വം ബോർഡ് കണ്ടെത്തിയിട്ടും അതെ സ്പോൺസർക്ക് തന്നെ വീണ്ടും പാളികൾ സ്വർണം പൂശാൻ നൽകിയത് ദുരൂഹം. ഈ റിപ്പോർട്ട് പൂഴ്ത്തിവച്ച് ബോർഡ് ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ക്ഷണിച്ചത് ഡീലിന്റെ ഭാഗമെന്നതിന് തെളിവായി പ്രതിപക്ഷം നിരത്തുന്നു. മന്ത്രിയുടെയും ബോർഡ് പ്രസിണ്ടെന്റിയും രാജി ആവശ്യപ്പെട്ട പ്രതിപക്ഷം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുൻ ദേവസ്വം പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടു.
സർക്കാരിനെതിരെ ബിജെപിയും പ്രക്ഷോഭം ശക്തമാക്കും. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനായി ബിജെപിയും സമ്മർദ്ദം ശക്തമാക്കി.