ശബരിമലയിലെ സ്വർണപ്പാളി ഉപയോഗിച്ച് ഉണ്ണികൃഷ്ണൻ പോറ്റി പണപ്പിരിവും നടത്തി. സ്വർണപ്പാളി പ്രദർശിപ്പിച്ചായിരുന്നു വിശ്വാസികളിൽ നിന്ന് പണം വാങ്ങിയത്. ഇതു കൂടാതെ സ്വർണം പൂശാനുള്ള വഴിപാടെന്ന പേരിലും വൻ തോതിൽ പണം കൈവശപ്പെടുത്തിയെന്നാണ് വിവരം.ബെംഗളൂരു കേന്ദ്രീകരിച്ചായിരുന്നു പണപ്പിരിവെന്നും ദേവസ്വം വിജിലൻസിന് സൂചന ലഭിച്ചു. ഇത് സ്ഥിരീകരിക്കാനായി അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപ്പിക്കും. ഇതു കൂടാതെ ശബരിമലയുടെ പേരിൽ മറ്റ് ഒട്ടേറെ സാമ്പത്തിക ഇടപാടും ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയിട്ടുണ്ടെന്നും ദേവസ്വം വിജിലന്‍സിന് വിവരം ലഭിച്ചു. ഇത് പരിശോധിക്കാനായി ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ ശബരിമലയിൽ നടത്തിയിട്ടുള്ള വഴിപാടുകളുടെയും സേവന പ്രവർത്തനങ്ങളുടെയും വിവരം വിജിലൻസ് ശേഖരിച്ചു.