സ്വര്‍ണ നിക്ഷേപ പദ്ധതിപ്രകാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 467 കിലോഗ്രാം സ്വര്‍ണം റിസര്‍വ് ബാങ്കിനെ ഏല്‍പ്പിച്ചുവെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്. പൂജകള്‍ക്കോ മറ്റാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാത്ത സ്വര്‍ണമാണിതെന്നും അദ്ദേഹം വെളിപ്പെടുത്തി. ശബരിമലയില്‍ ഇപ്പോഴുയര്‍ന്ന സ്വര്‍ണപ്പാളി വിവാദം മാത്രമല്ല, ശ്രീകോവിലില്‍ വിജയ് മല്യ സ്വര്‍ണം പൂശിയതുമുതുലുള്ള പ്രര്‍ത്തനങ്ങളെക്കുറിച്ച് ഹൈക്കോടതിയോട് സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള 18 സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണത്തില്‍ സി. വിഭാഗത്തില്‍പ്പെട്ട 467 കിലോഗ്രാം സ്വര്‍ണമാണ് റിസര്‍വ് ബാങ്കിനെ ഏല്‍പ്പിച്ചത്. എ വിഭാഗത്തില്‍ പൗരാണിക സ്വഭാവമുള്ളതും ബി വിഭാഗത്തില്‍ ഉല്‍സവാവശ്യങ്ങള്‍ക്കുള്ള സ്വര്‍ണവുമാണ്. ഇത് കൃത്യമായി കണക്കെടുത്ത് സൂക്ഷിച്ചിട്ടുണ്ട്.
ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണി, ശില്‍പത്തിന്‍റെ പീഠം എന്നിവയെക്കുറിച്ച് മാത്രല്ല , ശ്രീകോവില്‍ മദ്യവ്യവസായി വിജയ് മല്യ 1999 ല്‍ സ്വര്‍ണം പൂശിയതുമുതലുള്ള പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണം. ഇതിനായി ഉടന്‍ കോടതിയെ സമീപിക്കും. ഇപ്പോള്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി സന്നിധാനത്ത് എത്തിച്ച സ്വര്‍ണപ്പാളി 17 സമര്‍പ്പിക്കുന്നത് ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയശേഷമാണെന്നും അദ്ദേഹം പറഞ്ഞു.