തിരുവനന്തപുരം കോർപറേഷനിൽ വൻ മുന്നേറ്റമുണ്ടാക്കിയെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ വോട്ടുശതമാനം കുറഞ്ഞെന്ന് ബി.ജെ.പി. വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ 20% ആയിരുന്ന വോട്ടു വിഹിതം രണ്ടു ശതമാനം വരെ കുറഞ്ഞു. വോട്ടു ശതമാനം കുറഞ്ഞതിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അതൃപ്തി പ്രകടിപ്പിച്ചെന്നാണ് സൂചന. 

തിരുവനന്തപുരം കോർപറേഷനിലെ വിജയവും കോഴിക്കോട് , കൊല്ലം കോർപറേഷനുകളിലെ മുന്നേറ്റവും എടുത്തു പറയാനുണ്ടെങ്കിലും സംസ്ഥാനത്ത് ബി.ജെ.പിയുടെ വോട്ടുശതമാനം കുറഞ്ഞെന്നാണ്  പ്രാഥമിക കണക്കുകൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ലഭിച്ച 20% വോട്ട് എന്നത് 18%ത്തിലേക്ക് താഴ്ന്നു. കയ്യിലുണ്ടായിരുന്ന 600 വാർഡുകൾ നഷ്ടപ്പെട്ടു. പുതിയത് നേടാനുള്ള ശ്രമത്തിൽ  കയ്യിലുള്ളത് പോകാതിരിക്കാനുള്ള ജാഗ്രതയുണ്ടായില്ല. നിലവിൽ 2000  വാർഡുകളിലാണ് ജയിച്ചത്. 1500ലേറെ സീറ്റുകൾ ചെറിയ വോട്ടിന് നഷ്ടമായി. ഇതെല്ലാം കൂടി 4000 സീറ്റുകൾ ലഭിക്കേണ്ടതായിരുന്നു എന്നാണ് ബിജെപിയുടെ കണക്കൂകൂട്ടൽ. തൃശൂരിൽ മുന്നേറാൻ കഴിയാത്തതിലും ബിജെപി സംസ്ഥാന നേതൃത്വം അസ്വസ്ഥരാണ്.

തൃശൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച ക്രൈസ്തവ വോട്ടുകൾ ഇപ്പോൾ  കിട്ടിയില്ല. ഇതെന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് ഫലം വന്ന ദിവസം തന്നെ രാജിവ് ചന്ദ്രശേഖർ മനോരമ ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. അഞ്ച് കോർപറേഷനുകളിലുമായി 94 സീറ്റുകളാണ് ബിജെപി ജയിച്ചത്. അൻപത് സീറ്റുകളിൽ രണ്ടാംസ്ഥാനത്തെത്തി. നഗരസഭകളിൽ 380 വാർഡുകൾ നേടി അഞ്ഞൂറിലേറെ സീറ്റുകളിൽ ജയസാധ്യതയ്ക്കൊപ്പമെത്തി.  അതുകൊണ്ടുതന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നഗര കേന്ദ്രീകൃതമായ 35 നിയോജകമണ്ഡലങ്ങളിൽ  കാര്യമായി ശ്രദ്ധിക്കാനും പ്രത്യേകം പ്രഭാരിമാരെ നിയോഗിച്ച് പ്രവർത്തനത്തിന് ഇറങ്ങാനുമാണ് തീരുമാനം. അതോടൊപ്പം ബിജെപിയ്ക്ക് ഭരണം കിട്ടാനിടയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫും യുഡിഎഫും ചേർന്ന് ബിജെപി വരുന്നത് തടയാന്‍ ശ്രമിച്ചാല്‍, ബിജെപി നിർണായകമാകുന്ന ഇടങ്ങളിൽ വോട്ടിങ്ങിൽ നിന്ന് മാറിനിൽക്കാതെ ശക്തി തെളിയിക്കണമെന്നും തീരുമാനമുണ്ട്.

ENGLISH SUMMARY:

Kerala BJP Vote Share Analysis focuses on the BJP's performance in the recent local body elections, highlighting the decrease in vote share compared to the Lok Sabha elections. The party aims to strengthen its position in urban constituencies for the upcoming assembly elections.