കോണ്‍ഗ്രസ് നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച് വീണ്ടും ശശി തരൂര്‍. രാഹുല്‍ ഗാന്ധിയെയും ശശി തരൂരിനെയും താരതമ്യം ചെയ്തുള്ള സമൂഹമാധ്യമ പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് തരൂരിന്‍റെ പുതിയ നീക്കം. രാഹുൽ ഗാന്ധിയും തരൂരും കോൺഗ്രസിനുള്ളിലെ രണ്ട് പ്രത്യയശാസ്ത്ര പ്രവണതകളെ പ്രതിഫലിപ്പിക്കുന്നതായാണ് പോസ്റ്റില്‍ പറയുന്നത്. ഈ പ്രത്യയശാസ്ത്രങ്ങളെ ഒരുമിപ്പിച്ചുകൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നും തരൂരിനെ ഒതുക്കുന്നുവെന്നും പോസ്റ്റിലുണ്ട്.
കൃത്യമായ ലക്ഷ്യമില്ലാതെയാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നതെന്നും ആക്ഷേപം. ഈ പോസ്റ്റില്‍ പറയുന്ന കാര്യങ്ങളെ ശരിവച്ചുകൊണ്ടാണ് തരൂര്‍ തന്‍റെ എക്സ് അക്കൗണ്ടിലൂടെയും ഷെയര്‍ ചെയ്തിരിക്കുന്നത്. അവലോകനത്തിന് നന്ദിയെന്നും നിരീക്ഷണം ശരിയാണെന്നും തരൂര്‍ കുറിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പുകഴ്ത്തിയെന്ന പ്രചാരണം തരൂര്‍ മറ്റൊരു പോസ്റ്റില്‍ തള്ളിയിട്ടുണ്ട്. മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളിലൂടെ വളച്ചൊടിക്കുന്നത് മോശം പ്രവണതയാണെന്നും തരൂര്‍ എക്സില്‍ കുറിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം കോൺഗ്രസ് എംപിമാർക്കായി നടത്തിയ യോഗത്തിലും ശശി തരൂർ പങ്കെടുത്തിരുന്നില്ല. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണു യോഗം വിളിച്ചത്. തരൂരിന്റെ അസാന്നിധ്യത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.വ്ലാഡിമിർ പുട്ടിന്റെ സന്ദർശനവേളയിൽ രാഷ്ട്രപതി വിളിച്ച അത്താഴവിരുന്നിൽ അടക്കം തരൂരിന്റെ സാന്നിധ്യം വലിയ ചർച്ചയായിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഉൾപ്പെടെ ക്ഷണം ഇല്ലാതിരിക്കെ ആയിരുന്നു തരൂർ വിരുന്നിൽ പങ്കെടുത്തത്. Also Read: തിരുവനന്തപുരത്തെ ബിജെപി വിജയത്തെ അഭിനന്ദിച്ച് തരൂര്‍,താങ്കള്‍ ഏത് പാര്‍ട്ടിയിലാണെന്ന് കമന്‍റുകള്‍
തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ച ബിജെപിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. തലസ്ഥാനത്തെ രാഷ്ടീയ മാറ്റത്തിന്‍റെ സൂചനയെന്ന് തരൂര്‍ സമൂഹമാധ്യമങ്ങളിലെഴുതി. എല്‍ഡിഎഫിന്‍റെ ഭരണമാറ്റത്തിനായി താന്‍ പ്രചാരണം നടത്തിയെങ്കിലും അതിന്‍റെ ഗുണം ബിജെപിക്കു ലഭിച്ചുവെന്നും തരൂര്‍ പറഞ്ഞു. സംസ്ഥാനത്ത് മികച്ച വിജയം നേടിയ യുഡിഎഫിനെയും തരൂര്‍ അഭിനന്ദിച്ചു .