സിഡ്നിയിലെ ബോണ്ടി ബീച്ചില്‍ ജൂത ഉല്‍സവമായ ഹനൂക്ക ആഘോഷത്തിനിടെയുണ്ടായ വെടിവയ്പില്‍ മരണം 16 ആയി. നിരവധി പേര്‍ പരുക്കേറ്റ് ചികില്‍സയില്‍ തുടരുകയാണ്. അച്ഛനും മകനും ചേര്‍ന്ന് നടത്തിയ ഭീകരാക്രമണമെന്ന് ഓസ്ട്രേലിയൻ അധികൃതർ പ്രഖ്യാപിച്ചു. 50–കാരനെ പൊലീസ് വെടിവച്ചുകൊന്നു. 24–കാരന്‍ മകന്‍ ആശുപത്രിയിലാണ്. ഉല്‍സവം തുടങ്ങുന്നതിനായി ആയിരക്കണക്കിനുപേരാണ് ബീച്ചില്‍ ഒത്തുചേര്‍ന്നിരുന്നത്. ഇവര്‍ക്കിടയിലേക്ക് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ആക്രമണത്തെ അപലപിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് ബോണ്ടി ബീച്ചിലെത്തി ആല്‍ബനീസ് പുഷ്പാര്‍ച്ചന നടത്തി. ഓസ്ട്രേലിയൻ ജനതയോട് ഇന്ത്യ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മുപ്പത് വര്‍ഷത്തിനിടെ ഓസ്ട്രേലിയയില്‍ ഉണ്ടാകുന്ന വലിയ വെടിവയ്്പ്പാണിത്.
തോക്കുധാരികള്‍ ഒന്നിലേറെ തോക്കുകള്‍ ഉപയോഗിച്ച് ഒരേസമയം വെടിയുതിര്‍ക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കുറഞ്ഞത് 29 പേർക്ക് പരുക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് സിഡ്നി ഉൾപ്പെടുന്ന ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തെ പൊലീസ് കമ്മിഷണർ മാൽ ലാൻയൻ പറഞ്ഞു. ലക്ഷ്യമിട്ട പരിപാടിയുടെയും ഉപയോഗിച്ച ആയുധങ്ങളുടെയും സ്വഭാവം കണക്കിലെടുത്താണ് ഇതിനെ ഭീകരാക്രമണമായി പ്രഖ്യാപിച്ചതെന്ന് ലാൻയൻ കൂട്ടിച്ചേര്‍ത്തു. അക്രമികളിൽ ഒരാളുടെ കാറിൽനിന്ന് കണ്ടെത്തിയ സ്ഫോടകവസ്തു ഉൾപ്പെടെ, സംശയാസ്പദമായ നിരവധി വസ്തുക്കൾ പ്രദേശത്തുനിന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇവ വിദഗ്ധ സംഘം പരിശോധിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.