ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിലും സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്. ദ്വാരപാലക ശില്‍പത്തിന്‍റെ പീഠം കാണാനില്ലെന്ന് പറഞ്ഞതിലും പിന്നീട് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്ന് കണ്ടെത്തിയതിലും ദുരൂഹതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്. അതുകൊണ്ട് സ്വര്‍ണപ്പാളിയുടെ തൂക്കം കുറഞ്ഞതിനേക്കുറിച്ചുള്ള അന്വേഷണവും ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചോദ്യം ചെയ്ത് തുടങ്ങാനാണ് തീരുമാനം. അതിനായി ഉടന്‍ നോട്ടീസ് നല്‍കും. സ്വര്‍ണപ്പാളിയുടെ സ്പോണ്‍സറും ഉണ്ണികൃഷ്ണനായിരുന്നു. പീഠം കാണാതായെന്ന് അനാവശ്യ പരാതി ഉന്നയിച്ചതില്‍ കേസെടുക്കുന്നതിലും ദേവസ്വം വിജിലന്‍സ് ആലോചിക്കുന്നുണ്ട്. ചോദ്യം ചെയ്യലിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
അതേ സമയം ശബരിമല സ്ട്രോങ്ങ് റൂമിലെ പരിശോധക്ക് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി.ശങ്കരനെ അന്വേഷണത്തിന് നിയോഗിച്ചു. ശബരിമലയിലെ തിരുവാഭരണ റജിസ്റ്റർ ഉൾപ്പടെയുള്ള രേഖകൾ പരിശോധിക്കണമെന്നാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. സ്ട്രോങ്ങ് റൂമിലെ സ്വർണ്ണത്തിന്റെ മൂല്യവും കണക്കാക്കണം. അന്വേഷണത്തിന് രഹസ്യ സ്വഭാവമുണ്ടാകണം. അന്വേഷണം പൂർത്തിയാക്കി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകണമെന്നും ദേവസ്വം ബെഞ്ച് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. ദ്വാരപാലക ശില്‍പ്പങ്ങളുടെ സ്വർണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയത് ദേവസ്വം മാന്വല്‍ ലംഘിച്ചെന്ന് ദേവസ്വം ബോർഡിനെ ഹൈക്കോടതി വിമർശിച്ചു. എല്ലാ അറ്റകുറ്റപ്പണിയും ശബരിമലയില്‍ തന്നെ നടത്തണമെന്ന നിര്‍ദ്ദേശം ലംഘിക്കപ്പെട്ടു. 2019ല്‍ സ്വര്‍ണ്ണപ്പാളി സ്‌പോണ്‍സര്‍ക്ക് കൈമാറിയത് മാന്വലിന്റെ ലംഘനമാണ്. ദ്വാരപാലക പീഠങ്ങള്‍ തന്റെ കൈവശമെന്ന് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഹൈക്കോടതിയെ അറിയിച്ചില്ല. ദ്വാരപാലക പീഠം സ്‌പോണ്‍സറുടെ കൈവശമെന്നത് ഞെട്ടിക്കുന്നുവെന്നും ഹൈക്കോടതി വിമർശിച്ചു.