കോഴിക്കോട് ചെറുവണ്ണൂർ കക്കറമുക്കില്‍ ഓ‍ടിക്കൊണ്ടിരുന്ന കാർ കത്തിയുള്ള അപകടത്തില്‍ പൊള്ളലേറ്റ ഭര്‍ത്താവ് രിജിന്‍ലാലും മരിച്ചു . ചികിത്സയിലിരിക്കെയാണ് മരണം. ഗര്‍ഭിണിയായ ഭാര്യ സോന സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. 

 

അപകടം ഒട്ടേറെ സംശയങ്ങള്‍ക്കും ദുരൂഹതകള്‍ക്കും വഴിവച്ചിരുന്നു. കാറിൽ സൂക്ഷിച്ച പെട്രോൾ കത്തിയാണ് കാറിനു തീപിടിച്ചതെന്നു പൊലീസിനു നിർണായക വിവരം ലഭിച്ചിരുന്നു.  

അപകടത്തിൽ മരിച്ച സോന, സംഭവത്തിനു മുൻപ് പെട്രോൾ പമ്പിൽ നിന്നു കാനിൽ പെട്രോൾ വാങ്ങിയതായി പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച സിസിടിവി ദൃശ്യത്തിൽ പേരാമ്പ്ര കോഴിക്കോട് റോഡിലെ യത്തീംഖാനയ്ക്ക് സമീപമുള്ള പമ്പിൽ നിന്നു പെട്രോൾ വാങ്ങി പോകുന്ന സ്ത്രീ സോനയാണെന്നു തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം പറഞ്ഞു. യാത്രയ്ക്കിടയിൽ കാറിൽ നിന്നു പെട്രോളിന്റെ മണം ഉണ്ടായെന്നും പെട്ടെന്നു ശബ്ദത്തോടെ തീ ആളിപ്പടർന്നെന്നുമാണ് അപകടത്തിൽ പൊള്ളലേറ്റ് ചികിത്സയിലുള്ള സോനയുടെ ഭർത്താവ് രജിൻലാൽ അന്വേഷണ സംഘത്തിനു നൽകിയ മൊഴി. 

 

സംഭവ ദിവസം വൈകിട്ട് ഏകദേശം 7.25 ന് സോന പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. സോന പെട്രോൾ പമ്പിലേക്ക് ഒറ്റയ്ക്കു നടന്നു പോകുന്നതും വെളുത്ത നിറത്തിലുള്ള കാനിൽ പെട്രോൾ വാങ്ങി ബാഗിൽ വയ്ക്കുന്നതും പണം നൽകി മടങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. യുവതി ഒറ്റയ്ക്ക് പമ്പിൽ നിന്ന് ഇറങ്ങി റോഡിലൂടെ നടന്നു പോകുന്നതും കാണാം. തീപിടിത്തത്തിന് മുൻപ് പെട്രോൾ കാറിനുള്ളിൽ സൂക്ഷിച്ചതാകാമെന്ന  നിഗമനത്തിലേക്കാണ് ഈ ദൃശ്യങ്ങൾ സൂചന നൽകുന്നതെന്ന  പൊലീസ് പറഞ്ഞു.

അമ്മയുടെ സഹോദരിയുടെ മകളുടെ കൂടെ ടൗണിൽ പോയപ്പോൾ ആണോ, പിന്നീട് ഭർത്താവിനൊപ്പം പോയപ്പോൾ ആണോ സോന പെട്രോൾ വാങ്ങിയത് എന്ന സംശയം നിലനിൽക്കുന്നുണ്ട്. രജിന്റെ ആവശ്യപ്രകാരം പെട്രോൾ വാങ്ങിയതാണോ എന്ന സംശയവും ഉണ്ടായിരുന്നു. എന്നാൽ, സഹോദരിക്കൊപ്പം ടൗണിൽ പോയപ്പോൾ പാതിവഴിയിൽ സോന ഒറ്റയ്ക്കു പോയ സാഹചര്യത്തിൽ രജിന്റെ നിർദേശ പ്രകാരമല്ല വാങ്ങിയതെന്നാണ് പൊലീസ് നിഗമനം

 

വെള്ളിയാഴ്ച രാത്രി ഏകദേശം 9 മണിയോടെ കക്കറമുക്കു ജംക്‌ഷന് സമീപമാണ് കാറിന് തീപിടിച്ചത്.  വാഹനം ഓടിച്ച രജിൻ ലാൽ‌ സമീപത്തെ തോട്ടിലേക്ക് ചാടി രക്ഷപെട്ടെങ്കിലും പിൻസീറ്റിലിരുന്ന സോന കാറിനുള്ളിൽ കുടുങ്ങി. സംഭവത്തിൽ ദുരൂഹത ഉണ്ടെന്നു യുവതിയുടെ വീട്ടുകാർ ആരോപിച്ചതിനെത്തുടർന്നാണ്  വിശദമായ അന്വേഷണം ആരംഭിച്ചത്. കാറിന്റെ എൻജിനു വലിയ കേടുപാടുകൾ ഇല്ലാത്തതും ഉൾഭാഗം മാത്രം പൂർണമായി കത്തിനശിച്ചതും കണക്കിലെടുത്ത് പെട്രോൾ പോലുള്ള വസ്തു മൂലമാകാം തീപിടുത്തമുണ്ടായതെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു. 

 

ബന്ധുക്കൾ ആരോപിക്കുന്നത്: പ്ലസ്ടു പഠനകാലത്താണ് ഇരുവരും പരിചയപ്പെടുന്നത്. വീട്ടിൽ എതിർപ്പായിരുന്നു. വർഷങ്ങളുടെ പ്രണയത്തിനൊടുവിൽ, വിവാഹം വേണ്ടെന്നു വയ്ക്കുകയും അതിനിടയിൽ രജിൻ മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതു സോനയെ മാനസികമായി തളർത്തി. ആത്മഹത്യ ചെയ്യാൻ വടകര റെയിൽവേ സ്‌റ്റേഷനിൽ എത്തിയ സോനയെ റെയിൽവേ പൊലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു. രജിൻ പാലേരിയിൽ തന്നെയുള്ള യുവതിയെ വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതു സോന എതിർക്കുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്ത ശേഷമാണു രജിൻ ലാൽ സോനയെ വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം വീണ്ടും പല പ്രശ്നങ്ങളുണ്ടായി. രജിൻ ലാൽ ഗൾഫിൽ പോയ ശേഷം സോനയ്ക്കു ചെറുവണ്ണൂരിലെ ഭർതൃവീട്ടിൽ നിൽക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു. മകൾ ഭർതൃവീട്ടിൽ പല ദിവസങ്ങളിലും പട്ടിണിയിലായിരുന്നെന്നു സോനയുടെ അമ്മ വസന്ത ആരോപിച്ചിരുന്നു

 

ENGLISH SUMMARY:

Kozhikode car fire investigation reveals suspicious circumstances surrounding the incident where a pregnant woman and her husband succumbed to burn injuries. Initial findings suggest the fire was caused by petrol kept inside the car, raising further questions about the events leading up to the fatal accident.