niyamasabha

TOPICS COVERED

എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം നിയമസഭയിൽ സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഭിന്നശേഷി നിയമനത്തിന് തടസ്സം നിൽക്കുന്നു എന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞതായി മോൻസ് ജോസഫ് എം.എൽ.എ നിയമസഭയിൽ ആരോപിച്ചു. ക്രിസ്ത്യാനികൾ ശിവൻകുട്ടിക്ക് എതിരാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കരുത് എന്ന് മന്ത്രി മറുപടി നൽകി. പിന്നാലെ ശിവൻകുട്ടിയെ വിമർശിച്ച് ക്രൈസ്തവ സഭകൾ രംഗത്തെത്തി.

എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനം നടക്കാത്തത് ക്രിസ്ത്യൻ മാനേജ്മെൻ്റുകൾ ഭിന്നശേഷി സംവരണം നടപ്പാക്കാത്തതുകൊണ്ട് ആണെന്ന രീതിയിൽ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പ്രസ്താവന നടത്തിയതായി ചില ക്രൈസ്തവ സഭകൾ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിൻറെ ചുവട് പിടിച്ചായിരുന്നു വിഷയം മോൻസ് ജോസഫ് എംഎൽഎ നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ ആയി കൊണ്ടുവന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കെ ക്രിസ്ത്യാനികൾ തനിക്ക് എതിരാണ് എന്നു വരുത്തി തീർക്കാനുള്ള ശ്രമമാണ് മോൻസ് ജോസഫ് നടത്തിയത് എന്ന് മന്ത്രിയുടെ  മറുപടി. ഇതേപോലെ മറുപടി പറയാൻ തനിക്കും അറിയാമെന്ന് മോൻസ് ജോസഫ് തിരിച്ചടിച്ചതോടെ സഭ ബഹളമയമായി. മോൻസ് ജോസഫിനെ വിമർശിച്ച് സ്പീക്കർ എ.എൻ ഷംസീർ രംഗത്തുവന്നു. മോൻസ് ജോസഫ് ആവേശത്തിൽ പറഞ്ഞുപോയതാകാമെന്നും പറഞ്ഞ് മന്ത്രി തന്നെ രംഗം ശാന്തമാക്കി. പക്ഷേ മന്ത്രിക്കെതിരായ വിമർശനം ശക്തമാക്കി കോതമംഗലം അതിരൂപത രംഗത്തെത്തി. ഭിന്നശേഷിക്കാർക്കെതിരെ നിലപാട് എടുക്കുന്ന മാനേജ്മെന്‍റ് ആര്  എന്നതിൽ മന്ത്രി വ്യക്തത വരുത്തണം എന്നും മന്ത്രിയുടേത് യാഥാർത്ഥ്യം മനസിലാക്കാതെയുള്ള പ്രസ്താവനയാണ് എന്നും രൂപത ആരോപിച്ചു. ഇത്തരമൊരു വിമർശനത്തിൻ്റെ കാരണം എന്താണെന്ന് അറിയില്ല എന്നും ഏത് സ്കൂളുകളിലാണ് നിയമനം നടക്കാത്തത് എന്നതടക്കമുള്ള കാര്യങ്ങൾ അറിയിച്ചാൽ ഇടപെടാമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ENGLISH SUMMARY:

Aided school teacher appointments are under scrutiny following a debate in the Kerala Assembly. The controversy involves allegations against Christian managements regarding differently-abled reservations and a response from Minister V. Sivankutty.