പൊലീസ് സേനയിലെ ക്രിമിനലുകള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി. 144 പൊലീസുകാരെ പിരിച്ചുവിട്ടെന്ന് അവകാശപ്പെട്ട അതേ നിയമസഭ സമ്മേളനത്തിലാണ് ഈ മറുപടിയും നല്‍കിയത്. ഇതോടെ ക്രിമിനല്‍ പൊലീസുകാര്‍ക്കെതിരായ നടപടിയിലെ അവകാശവാദത്തില്‍ സംശയം ബലപ്പെടുകയാണ്.
മുന്‍ സര്‍ക്കാരുകളൊന്നും ചെയ്യാത്ത കാര്യം ഇടത് സര്‍ക്കാര്‍ ചെയ്തെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടത് സെപ്തംബര്‍ 17ന്. അതിന്‍റെ തൊട്ടുതലേന്ന്, മുഖ്യമന്ത്രി ഇതേ കാര്യത്തില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എയ്ക്ക് രേഖാമൂലം നല്‍കിയ മറുപടി നോക്കാം.
ചോദ്യം–പൊലീസ് സേനയിലെ ക്രിമിനലുകള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്.
ഉത്തരം–ക്രോഡീകരിച്ച വിവരങ്ങള്‍ ലഭ്യമല്ല
അടുത്ത ചോദ്യം; 2021ന് ശേഷം എത്ര പൊലീസുകാര്‍ഗുരുതര കേസില്‍പെട്ടു?
ഉത്തരം– വിവരങ്ങള്‍ ലഭ്യമല്ല
ഇനിയുമുണ്ട് ചോദ്യം; എസ്.എച്ച്.ഒമാര്‍ ആരെങ്കിലും ക്രിമിനല്‍ കേസില്‍ പെട്ടവരുണ്ടോ?
അതിനും പതിവ് മറുപടി–വിവരങ്ങള്‍ ലഭ്യമല്ല.
അതായത് പൊലീസിലെ ക്രിമിനലുകള്‍ക്കെതിരായ നടപടിയില്‍ ഒന്നിനേക്കുറിച്ചും കൃത്യമായ വിവരമില്ലെന്ന് പറഞ്ഞ അതേ മുഖ്യമന്ത്രിയാണ് പിറ്റേ ദിവസം 144 പേരെ പിരിച്ചുവിട്ട കാര്യം പ്രഖ്യാപിച്ചത്. ഇന്ന് വരെ ആ 144 പേരുടെ പട്ടിക പുറത്തുവിട്ടിട്ടുമില്ല. ഇതോടെയാണ് ക്രിമിനല്‍ പൊലീസുകാര്‍ക്കെതിരായ നടപടിയില്‍ ചോദ്യങ്ങളുയരുന്നത്.