ഐക്യരാഷ്ട്രസഭയിലെ ജനറല്‍ അസംബ്ലിയില്‍ മാതാ അമൃതാനന്ദമയി പ്രസംഗിച്ചതിന്‍റെ രജതജൂബിലി ആഘോഷ വേളയില്‍ ആദരവുമായി സംസ്ഥാന സര്‍ക്കാരും. അമൃത വിശ്വവിദ്യാപീഠം ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ മന്ത്രി സജിചെറിയാന്‍ സര്‍ക്കാരിനുവേണ്ടി മാതാ അമൃതാനന്ദമയിയെ ആദരിച്ചു. ഐക്യരാഷ്ട്ര സഭയിലെ പ്രസംഗം മലയാളത്തിന്‍റെ പ്രശസ്തി വാനോളം ഉയര്‍ത്തിയെന്നു മന്ത്രി സജിചെറിയാന്‍ പറഞ്ഞു. കേരള സര്‍ക്കാരിന്‍റെ ആദരം മലയാള ഭാഷയ്ക്കുള്ളതെന്നു മാതാ അമൃതാനന്ദമയി മറുപടിയായി പറഞ്ഞു.
അതേസമയം, മാതാ അമൃതാനന്ദമയിയെ സര്‍ക്കാര്‍ ആദരിച്ചതിന് പിന്നാലെ വിരുദ്ധനിലപാടുമായി സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജന്‍റെ മകന്‍ ജെയിന്‍ രാജ് രംഗത്തെത്തി. ഫെയ്സ്ബുക് പോസ്റ്റിലാണ് ജെയിന്‍ രാജിന്‍റെ പരിഹാസം. ഇന്നലെ അമൃത വിശ്വവിദ്യാപീഠം ക്യാംപസിലെ ചടങ്ങില്‍ മന്ത്രി സജിചെറിയാന്‍ സര്‍ക്കാരിനുവേണ്ടി മാതാ അമൃതാനന്ദമയിയെ ആദരിച്ചിരുന്നു. സര്‍ക്കാരിന്‍റെ ആദരവും മന്ത്രിയുടെ ആശ്ലേഷവും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നതിനിടെയാണ് ജെയിന്‍ രാജിന്‍റെ പോസ്റ്റ്.
ഇന്ന് മാതാ അമൃതാനന്ദമയിയുടെ 72ാം ജന്മദിനമാണ്. അമൃതപുരിയിലെ ആഘോഷത്തില്‍ ബിജെപി അഖിലേന്ത്യാ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി.നദ്ധയടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസ അർപ്പിക്കാനെത്തി. യുദ്ധം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സമാധാനം ഉണ്ടാകണമെന്ന് പിറന്നാൾ സന്ദേശമായി മാതാ അമൃതാനന്ദമയി പറഞ്ഞു. സുരേഷ് ഗോപി, ജോർജ് കുര്യൻ, കെ.സി.വേണുഗോപാൽ എം.പി, ശശി തരൂർ, വെള്ളാപ്പള്ളി നടേശൻ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിരവധി പേർ ആശംസ അർപ്പിക്കാനെത്തിയിരുന്നു.