പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ക്ക് ഇരുപത് രൂപ ഡിപോസിറ്റ് തുക ഈടാക്കുന്ന ബവ്കോയുടെ പരീക്ഷണം അവസാനിപ്പിച്ചേക്കും. മദ്യം വാങ്ങാനെത്തുന്നവരില്‍ നിന്നുള്ള പ്രതിഷേധവും മതിയായ രീതിയില്‍ ഇടപെടാന്‍ ജീവനക്കാര്‍ക്ക് കഴിയാത്ത സാഹചര്യവും മുന്‍നിര്‍ത്തിയാണ് തീരുമാനം. പരീക്ഷണം തുടങ്ങിയ ഔട്ട് ലൈറ്റുകളില്‍ വില്‍പന കുറഞ്ഞു. ബദല്‍ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിര്‍ദേശം ബവ്കോ എം.ഡി സര്‍ക്കാരിന് വരും ദിവസങ്ങളില്‍ കൈമാറും. 

പ്ലാസ്റ്റിക് കുപ്പികള്‍ മാലിന്യക്കൂനയാവരുത്, പ്രകൃതിയെ ദ്രോഹിക്കരുത്, ഒപ്പം ശാസ്ത്രീയ സംസ്കരണം ഉറപ്പാക്കുകയും വേണം. ഈ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ക്ക് ഇരുപത് രൂപ അധികം ഈടാക്കുകയും കുപ്പി മടക്കി നല്‍കുമ്പോള്‍ പണം തിരികെ നല്‍കുകയും ചെയ്യുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ ബവ്കോ നടപ്പിലാക്കിയത്. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ പത്ത് വീതം ഷോപ്പുകളിലായിരുന്നു ആദ്യഘട്ടം നടപ്പിലാക്കിയത്. 

എന്നാല്‍ മദ്യം വാങ്ങാനെത്തുന്നവരുടെ എതിര്‍പ്പും ജീവനക്കാരുടെ പ്രതിരോധവും കല്ലുകടിയായി. കുപ്പി വേഗത്തില്‍ തിരികെ നല്‍കുന്നതിനുള്ള സൂത്രപ്പണി വേറെയും. ബവ്കോയില്‍ നിന്നും വാങ്ങിയതിന് പിന്നാലെ മദ്യം മറ്റൊരു ബോട്ടിലിലേക്ക് മാറ്റുന്നത് പതിവായി. എക്സൈസ് നിയമങ്ങള്‍ക്ക് വിരുദ്ധമെന്നറിഞ്ഞിട്ടും. ബവ്കോ ഷോപ്പിന് മുന്നില്‍ പലരും മദ്യപാനത്തിന് ഇടം കണ്ടെത്തി കുപ്പി തിരികെ നല്‍കി. ഒഴിഞ്ഞ കുപ്പി ശേഖരിച്ച് മറ്റൊരു ബോട്ടില്‍ വാങ്ങാനുള്ള പണം കണ്ടെത്താനുള്ള ശ്രമവുമായി മറ്റ് ചിലര്‍. കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന സാഹചര്യത്തിലാണ് പരീക്ഷണം പാതിവഴിയില്‍ അവസാനിപ്പിക്കാന്‍ ബവ്കോ ആലോചിക്കുന്നത്. 

പരീക്ഷണം തുടങ്ങിയ ബവ്കോ ഷോപ്പുകളില്‍ വില്‍പ്പന കുറഞ്ഞതും സമീപമുള്ള കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റുകളില്‍ വില്‍പ്പന കുത്തനെ കൂടിയതും ബവ്കോയെ മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഇരുപത് രൂപ മൂല്യം തെളിയിക്കുന്ന കൂടുതല്‍ ലേബല്‍ പ്രിന്‍റ് ചെയ്യേണ്ടതില്ലെന്ന നിര്‍ദേശം സി–ഡിറ്റിന് നല്‍കി. ഹരിതകര്‍മസനേയെ ചുമതലപ്പെടുത്തി കുപ്പി ശേഖരിക്കുക. സര്‍ക്കാരിന്‍റെ ജവാന്‍ മദ്യം ഉള്‍പ്പെടെ ചില്ല് കുപ്പിയിലാക്കി വിപണിയിലിറക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ക്കാവും മുന്‍ഗണന. 

ENGLISH SUMMARY:

Bevco's plastic bottle deposit experiment may be discontinued soon due to protests. This trial program faced challenges, leading to decreased sales and the exploration of alternative waste management strategies.