unnikrishnan

താനുള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്കെതിരായ സൈബറാക്രമണം കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെയെന്ന് വൈപ്പിന്‍ എംഎല്‍എ കെ.എന്‍. ഉണ്ണികൃഷ്ണന്‍. ആക്രമണത്തിന്‍റെ ഉറവിടം പറവൂറാണെന്നും ആക്രമണത്തെ വി.ഡി. സതീശന്‍ തള്ളിപറയാത്തത് സംശയകരമെന്നും എംഎല്‍എ പ്രതികരിച്ചു.  സൈബർ ആക്രമണക്കേസിൽ യുട്യൂബർ കെ. എം ഷജഹാനടക്കമുള്ളവരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം. 

സിപിഎം വനിതാ നേതാവ് കെ.ജെ ഷൈന്‍ എംഎല്‍എ കെ.എന്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കെതിരായ സൈബര്‍ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിലേക്ക് കേന്ദ്രീകരിക്കുകയാണ് സിപിഎം. എല്ലാറ്റിനും പിന്നില്‍ വി.ഡി. സതീശനെന്ന് ഷൈന്‍ ഇന്നലെ തുറന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അങ്ങനെ ചെയ്യില്ലെന്നായിരുന്നു ഉണ്ണികൃഷ്ണന്‍റെ പ്രതികരണം. എന്നാല്‍ ഇന്ന് എംഎല്‍എ പ്രതിപക്ഷ നേതാവിനെയും കോണ്‍ഗ്രസ് നേതൃത്വത്തെയും സംശയിക്കുന്നു.

ഷൈനിന് പിന്നാലെ  ഉണ്ണികൃഷ്ണന്‍റെ വിശദമായ മൊഴിയും രേഖപ്പെടുത്തിയാണ് സൈബര്‍ ആക്രമണത്തില്‍ റൂറല്‍ പൊലീസിന്‍റെ അന്വേഷണം. അപവാദ പ്രചരണം നടത്തിയ സമൂഹമാധ്യമ അക്കൗണ്ടുകളെ കുറിച്ച് മെറ്റയില്‍ നിന്ന് വിവരങ്ങള്‍ തേടി. സൈബര്‍ ആക്രമണം തുടങ്ങിവെച്ചുവെന്ന് ആരോപിക്കപ്പെടുന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഗോപാലകൃഷ്ണന്‍ കേസെടുത്തതിന് പിന്നാലെ ഒളിവിലാണ്. അപവാദ പ്രചരണം നടത്തുന്നവര്‍ക്ക് നെഹറുവിന്‍റെ ചൂണ്ടിക്കാട്ടി മറുപടി നല്‍കിയ കെ.ജെ. ഷൈന്‍ ഗോപാലകൃഷ്ണന്‍റെ കുടുംബത്തിനെതിരായ സൈബര്‍ ആക്രമണത്തെയും തള്ളിപ്പറഞ്ഞു.

എറണാകുളം ജില്ലയിൽ നിന്നുള്ള സിപിഎം എംഎൽഎമാരായ പി.വി ശ്രീനിജൻ, കെ.ജെ മാക്സി, ആന്റണി ജോൺ എന്നിവരുടെ പരാതിയും യുട്യൂബർ കെ.എം ഷാജഹാന് കൂടുതല്‍ കുരുക്കാകും. യുട്യൂബ് ചാനലിലൂടെ തുടർച്ചയായി അധിക്ഷേപ പരാമർശങ്ങൾ നടത്തുന്ന ഷാജഹാൻ നേരത്തെ തന്നെ സര്‍ക്കാരിന്‍റെയും സിപിഎമ്മിന്‍റെയും നോട്ടപുള്ളിയാണ്. 

ENGLISH SUMMARY:

CPM Cyber Attack: CPM leaders allege Congress involvement in cyber attacks. The investigation focuses on YouTube channels and local Congress leaders, with concerns raised about VD Satheesan's role.