Image Credit: PTI (Left), X (Middle), AFP(Right)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആലിംഗനത്തെ പരസ്യമായി പരിഹസിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് ബിജെപി നേതാക്കള്‍. മുന്‍ പ്രധാനമന്ത്രിയും രാഹുലിന്‍റെ മുത്തശ്ശിയുമായ ഇന്ദിരാഗാന്ധി ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസ്ട്രോയെയും പലസ്തീന്‍ നേതാവ് യാസര്‍ അരാഫാത്തിനെയും ആലിംഗനം ചെയ്ത വിഡിയോകള്‍ പങ്കുവച്ചാണ് ബിജെപി നേതാക്കളുടെ മറുപടി. ഇതിനൊപ്പം പാര്‍ലമെന്‍റില്‍ എട്ടുവര്‍ഷം മുന്‍പ് രാഹുല്‍ മോദിയെ ആലിംഗനം ചെയ്ത ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. ഇന്ദിരാഗാന്ധിയും ഫിദലുമൊത്തുള്ള ചിത്രത്തിനൊപ്പം 'ശ്വാസം മുട്ടിക്കുന്ന ഈ അനുഭവത്തെ രാഹുൽ ഗാന്ധിജി ജഠരാഗ്നി (ഗ്യാസ്ട്രിക് ഫയർ) എന്നാണോ വിളിക്കുന്നത്, അതോ ഇത് കാമാഗ്നിയാണോ?' എന്നായിരുന്നു ബിജെപി നേതാവ് നിഷികാന്ത് ദുബെയുടെ ചോദ്യം.
ഇന്നലെ വൈകുന്നേരം നടന്ന കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുക്കവേയാണ് വിദേശനയത്തോടുള്ള മോദിയുടെ സമീപനത്തെ രാഹുല്‍ വിമര്‍ശിച്ചത്. വിദേശനയത്തെ കുറിച്ച് മോദിക്കൊരു ധാരണയുമില്ലെന്നും വിദേശനയമെന്നാല്‍ ലോക നേതാക്കളെ ആലിംഗനം ചെയ്യുന്നതാണെന്ന ധാരണ മോദിക്ക് എവിടെ നിന്നാണ് കിട്ടിയതെന്ന് മനസിലാകുന്നില്ലെന്നുമായിരുന്നു പ്രസംഗത്തിനിടയിലെ രാഹുലിന്‍റെ വിമര്‍ശനം. പിന്നാലെ കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദിക്ഷീതിനെ ആലിംഗനം ചെയ്തും കാണിച്ചു. 'ഈ അറിവില്ലായ്മ ഒന്ന് സങ്കല്‍പ്പിച്ച് നോക്കിക്കേ, നേതാക്കളെ ആലിംഗനം ചെയ്താല്‍ വിദേശനയമാകുമെന്ന് പ്രധാനമന്ത്രി എവിടെ നിന്നാണ് മനസിലാക്കിയത്?' – രാഹുല്‍ ചോദിച്ചു. 'മെലോനിയില്‍ നിന്നാകും' എന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞതോടെ, 'ഞാനവിടെ വരെ എത്തിയില്ല' എന്നായിരുന്നു രാഹുലിന്‍റെ മറുപടി.
പ്രസംഗം വൈറലായതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് രാഹുലിനെതിരെ ബിജെപി നേതാക്കള്‍ ഉയര്‍ത്തിയത്. രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെയാണ് രാഹുല്‍ അപമാനിച്ചതെന്നും സംസ്കാരമില്ലാത്ത പെരുമാറ്റമെന്നുമായിരുന്നു വിമര്‍ശനം. പ്രതിപക്ഷനേതൃസ്ഥാനത്തിന് ഒരന്തസുണ്ടെന്നും ഇത്രയും തരംതാഴരുതെന്നും വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷി പ്രതികരിച്ചു. 'രാഹുല്‍ ഗാന്ധി, നിങ്ങളെന്നാണ് വളരുക? രാജ്യത്തെ നയിക്കാന്‍ പക്വതയാര്‍ന്ന നേതൃത്വമാണ് ആവശ്യം. അല്ലാതെ നാടകമല്ല. ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ കോമാളികളെന്ന് വിശേഷിപ്പിക്കുന്നത് നിങ്ങളുടെ നിലവാരം വ്യക്തമാക്കുന്നു'- എന്നായിരുന്നു ജോഷി പറഞ്ഞത്. 'പ്രധാനമന്ത്രി തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. രാഹുലിനെയും അദ്ദേഹത്തിന്‍റെ കുടുംബക്കാരെയും പോലെ കുടുംബ വാഴ്ച കൊണ്ട് അധികാരത്തിലെത്തിയതല്ല. രാഹുലിന്‍റെ കൊതിക്കെറുവ് ഈ വാക്കുകളിലുണ്ട്' – എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയെ അപമാനിച്ചതിലൂടെ രാജ്യത്തെ ജനങ്ങളെയും അപമാനിച്ചുവെന്നും ബിജെപി നേതാക്കള്‍ ആരോപിക്കുന്നു.