മീന്‍ നോണ്‍ വെജ് ആണോ? അതെ എന്ന് പറയാന്‍ വരട്ടെ. മീന്‍ പ്രേമികളാകാന്‍ ആഗ്രഹമുള്ള വെജിറ്റേറിയന്‍സിന് പ്രതീക്ഷ നല്‍കുന്നതാണ് യുപി മന്ത്രി സഞ്ജയ് നിഷാദിന്‍റെ പ്രസ്താവന. വെളുത്തുള്ളിയും, ഉള്ളിയും ചേര്‍ക്കാത്ത മീന്‍ വിഭവത്തെ വെജിറ്റേറിയന്‍ ആയി കണക്കാക്കാമെന്നാണ് മന്ത്രിയുടെ അവകാശവാദം.
ഉത്തരേന്ത്യയില്‍ നിലവില്‍ സാവന്‍ (ശ്രാവണം) മാസമാണ്. ഹിന്ദു വിശ്വാസപ്രകാരം ശിവന്‍റെ മാസമായ സാവന്‍ ഉത്തരേന്ത്യയിലെ വിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ളതാണ്. ഈ മാസത്തില്‍ മാംസം കഴിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. സാത്വികമായ (പൂര്‍ണമായും സസ്യാഹാരം) ഭക്ഷണരീതി പിന്തുടരണമെന്നാണ് രീതി. എന്നാല്‍ മാംസാഹാരം കഴിക്കാന്‍ മന്ത്രി വളഞ്ഞ വഴി പറഞ്ഞ് ജനത്തെ പറ്റിക്കുകയാണെന്നാണ് ഉയരുന്ന വിമര്‍ശനം.
മല്‍സ്യം എന്നാല്‍ സാത്വികമല്ല മറിച്ച്, തമസ്വിക (തളര്‍ത്തുന്ന ഭക്ഷണം) ഭക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. ഇത് എല്ലാ മാസങ്ങളിലും ഒഴിവാക്കപ്പെടേണ്ടതായി കരുതുന്നു. എന്നാല്‍ ഉള്ളി, വെളുത്തുള്ളി എന്നിവ രാജസ്വിക (മനസിനെയും ശരീരത്തെയും നിയന്ത്രിക്കുന്ന) ഭക്ഷണമായിട്ടാണ് കണക്കാക്കുന്നത്. ഇത് സാവന്‍ മാസത്തില്‍ മാത്രമാണ് ഒഴിവാക്കേണ്ടത്.
അത്ര പ്രശ്നമല്ലാത്ത ഉള്ളിയേയും വെളുത്തുള്ളിയേയും ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് മീന്‍ മാത്രം കഴിക്കാന്‍ പറഞ്ഞ മന്ത്രിയുടെ ചേതാവികാരം സംശയാസ്പദമാണ്.