തനിക്കെതിരെയുണ്ടായ സൈബർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്നും ഇതിന് പിന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അറിവോടെയുള്ള നീക്കങ്ങളാണെന്നും സിപിഎം വനിത നേതാവ് കെ.ജെ.ഷൈൻ. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും, കോൺഗ്രസിന്റെ ദയനീയ അവസ്ഥ മറച്ചുവെക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ സൈബർ ആക്രമണം നടക്കുന്നതെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ ഒരു കോൺഗ്രസ് പ്രാദേശിക നേതാവ് ഒരു പൊതുവേദിയിൽ വെച്ച് 'ടീച്ചറേ, ഒരു ബോംബ് വരുന്നുണ്ട്' എന്ന് തന്നോട് പറഞ്ഞതായി കെ.ജെ. ഷൈൻ മാധ്യമങ്ങളോട് പറഞ്ഞു. ഇത് തന്റെ ഭർത്താവിനെയടക്കം മോശമായി ചിത്രീകരിക്കുന്ന ഒരു വാർത്തയായിരിക്കുമെന്നും അയാൾ സൂചന നൽകിയിരുന്നു. അത് നിഷ്കളങ്കമായി പറഞ്ഞതാകാം, പക്ഷേ അതിന് പിന്നാലെ ഇങ്ങനെയൊരു ആരോപണം വന്നത് സംശയാസ്പദമാണ്.
പേരോ വിലാസമോ വ്യക്തമല്ലാത്ത ഒരു പോസ്റ്ററാണ് ആദ്യം പ്രചരിച്ചത്. ഒരാൾക്കെതിരെ വ്യക്തമായ തെളിവുകളോ സൂചനകളോ ഇല്ലാത്തതിനാൽ, ആർക്കെതിരെ പരാതി നൽകണമെന്ന് പോലും അറിയാത്ത സാഹചര്യമുണ്ടായി. എന്നാൽ പിന്നീട് ചിത്രങ്ങളടക്കം ഉപയോഗിച്ച് കൂടുതൽ മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നെന്ന് ഷൈൻ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള ആരോപണങ്ങൾ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. വോയിസ് മെസ്സേജുകളും മറ്റ് വിവരങ്ങളും മാധ്യമങ്ങളുടെ പക്കലുണ്ടെന്നാണ് താൻ മനസ്സിലാക്കുന്നത്. ഈ സാഹചര്യത്തിൽ നിന്ന് ശ്രദ്ധ മാറ്റാനാണ് ഇങ്ങനെയൊരു ശ്രമമെന്ന് ഷൈന്‍ ആരോപിച്ചു.
സ്ത്രീകളുടെ പൊതുപ്രവർത്തനങ്ങളോടുള്ള സമൂഹത്തിലെ ചിലരുടെ മോശം മനോഭാവത്തിന്റെ ഭാഗമാണിത്. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള ഇത്തരത്തിലുള്ള ലൈംഗികാരോപണങ്ങൾ ആളുകൾക്ക് കേൾക്കാൻ 'രസകരമാണ്' എന്ന ചിന്താഗതിയാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങൾക്ക് പിന്നിൽ. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നൽകിയിട്ടുണ്ട്. അതിന് പുറമേ, എസ്.പി. ഓഫീസിലും തെളിവുകൾ നൽകിയിട്ടുണ്ടെന്ന് കെ.ജെ. ഷൈൻ അറിയിച്ചു.
Google Trending Topic: kj shine