കെ.ടി ജലീല്‍–പി.കെ ഫിറോസ് തര്‍ക്കങ്ങള്‍ക്കിടെ തുഞ്ചന്‍ മലയാള സര്‍വകലാശാലക്ക് തിരൂരില്‍ ഭൂമി വാങ്ങിയതില്‍ സര്‍ക്കാരിന് ധനനഷ്ടമുണ്ടായെങ്കില്‍ ഉത്തരവാദി ആരെന്ന ചോദ്യം സജീവമായിരുന്നു. യഥാര്‍ഥ വിലയേക്കാള്‍ ഉയര്‍ന്ന വിലയാണ് നിശ്ചയിച്ചതെന്നാണ് ഇരുകൂട്ടരും സമ്മതിക്കുന്നത്. യുഡിഎഫിന്‍റെ കാലത്ത് ഭൂമി ഏറ്റെടുക്കാനുളള ശുപാര്‍ശ നല്‍കിയെങ്കില്‍ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി പണം കൈമാറി സ്ഥലം ഏറ്റെടുത്ത് ഇടതുസര്‍ക്കാരിന്‍റെ കാലത്തെന്നാണ് മനോരമ ന്യൂസിന് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നത്.
സര്‍ക്കാരിന്‍റെ ന്യായവില പ്രകാരം ഏഴായിരം രൂപ രണ്ടര സെന്‍റ് ഭൂമിക്ക് വിലയുളള സ്ഥലമാണ് സെന്‍റ് ഒന്നിന് ഒരു ലക്ഷത്തി അറുപതിനായിരം രൂപയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുത്തത്. സാധാരണക്കാരായ കര്‍ഷകരില്‍ നിന്ന് സെന്‍റിന് 2000 രൂപ മുതല്‍ 40,000 രുപ വരെ വില നല്‍കി ഏറ്റെടുത്ത് 1.6ലക്ഷം രൂപ വച്ച് സര്‍ക്കാരിന് മറിച്ചു കൊടുത്തപ്പോള്‍ 17കോടി രൂപയുടെ കൊളള നടന്നെന്നാണ് പി.കെ.ഫിറോസിന്‍റെ ആരോപണം.
വെട്ടം വില്ലേജില്‍ നിലവില്‍ ഏറ്റെടുത്ത ഭൂമിയില്‍ കണ്ടല്‍ക്കാടുകളും ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും നിലനിര്‍ത്തിക്കൊണ്ട് നിര്‍മാണം നടത്താമെന്നാണ് അന്ന് കാര്‍ഷികോല്‍പാദ കമ്മിഷണറും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ സുബ്രതാ ബിശ്വാസ് 2015ജൂലൈ9 ന് ഉത്തരവിറക്കിയിരുന്നു. അതായത് ഭൂമി ഏറ്റെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ യുഡിഎഫിന്‍റെ കാലത്ത് തുടങ്ങി. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ വന്ന ശേഷം 2017 ജൂണ്‍ 16ന് ജില്ല കലക്ടര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കയച്ച കത്ത് പ്രകാരം സെന്‍റ് ഒന്നിന് ഒരു ലക്ഷത്തി അറുപതിനായിരം രൂപയ്ക്ക് ഭൂമി ഏറ്റെടുക്കാന്‍ ഉടമകളുമായി ധാരണയുണ്ടാക്കിയെന്നും വെളിപ്പെടുന്നു. ഇതുപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനുളള അന്തിമ വില നിശ്ചയിച്ചതും ഭൂമി ഏറ്റെടുത്തതും കെ.ടി.ജലീല്‍ മന്ത്രിയായിരുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണന്നും വ്യക്തം.