• വിമത കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പി.കെ.ശശി
  • ഇത് വിമതരുടെ കണ്‍വന്‍ഷനല്ലെന്ന് പി.കെ.ശശി
  • ‘ആത്മാഭിമാനമുള്ള കമ്യൂണിസ്റ്റുകളുടെ കൂട്ടമാണ്’

 

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സിപിഎമ്മിനെ വെട്ടിലാക്കി മുതിര്‍ന്ന നേതാവ് പി.കെ.ശശി പാലക്കാട്ട് വിമതര്‍ക്കൊപ്പം. സിപിഎം വിട്ടവര്‍ സംഘടിപ്പിച്ച് കണ്‍വെന്‍ഷന്‍ ശശി ഉദ്ഘാടനം ചെയ്തു. ചന്ദ്രനഗറിലെ പാര്‍വതി കല്യാണമണ്ഡപത്തില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനെത്തിയ ശശിയെ മുദ്രാവാക്യങ്ങളോടെയാണ് സ്വീകരിച്ചത്. ‘ഇത് വിമതരുടെ കണ്‍വെന്‍ഷനല്ല, ആത്മാഭിമാനമുള്ള കമ്യൂണിസ്റ്റുകളുടെ കൂട്ടമാണ്’ എന്ന് പ്രഖ്യാപിച്ചാണ് പി.കെ.ശശി സദസിനെ അഭിസംബോധന ചെയ്തത്. ‘ആഗ്രഹിച്ചിട്ടല്ല, പാര്‍ട്ടി ഞങ്ങളെ ഇവിടെ എത്തിച്ചതാണ്’ – ശശി പറഞ്ഞു. 

 

സിപിഎം പാലക്കാട് ജില്ലാസെക്രട്ടറി സുരേഷ് ബാബുവിനെതിരെ ശശി ആഞ്ഞടിച്ചു. സ്പിരിറ്റ് കച്ചവടക്കാരനാണ് ജില്ലാ സെക്രട്ടറി എന്നായിരുന്നു ആരോപണം. ‘ഒരുകാലത്തുമില്ലാത്ത രീതിയിലാണ് പാര്‍ട്ടിയില്‍ പണപ്പിരിവ് നടക്കുന്നത്. സ്പിരിറ്റ് കച്ചവടക്കാരനെ മാറ്റിയാല്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കും.’ പാര്‍ട്ടി തെറ്റ് തുറന്നുപറഞ്ഞ് തിരുത്തണമെന്നും ശശി ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയിലെ ഏഴ് അംഗങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് പി.കെ.ശശി അവകാശപ്പെട്ടു. നല്ല സന്ദര്‍ഭം നോക്കി ഒപ്പമെത്താമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ മറ്റ് നേതാക്കളും കടുത്ത വിമര്‍ശനമുയര്‍ത്തി. മദ്യപിച്ചുകൊണ്ടാണ് ജില്ലാസെക്രട്ടറി തീരുമാനങ്ങളെടുക്കുന്നതെന്ന് എം.സതീശ് ആരോപിച്ചു. സിപിഎം മുന്‍ അംഗങ്ങളും നേതാക്കളുമടക്കം നൂറുകണക്കിനുപേര്‍ കണ്‍വെന്‍ഷനെത്തി. ബസുകളിലാണ് ആളുകളെ എത്തിച്ചത്. കമ്യൂണിസ്റ്റ് മാതൃകയില്‍ റെഡ് വളണ്ടിയര്‍മാരെ അണിനിരത്തിയായിരുന്നു പരിപാടികള്‍.

 

ENGLISH SUMMARY:

Senior leader P.K. Sasi attended and inaugurated a convention organized by CPM rebels in Palakkad, creating a political stir ahead of elections. At the event in Chandranagar, Sasi declared that the gathering represented “self-respecting communists” and sharply criticized the CPM district leadership. The convention saw hundreds of former party members participate, highlighting growing dissent within the party.