കേസ് വിവരങ്ങള്‍ കക്ഷികളെ വാട്ട്‌സാപ്പിലൂടെ അറിയിക്കാന്‍ കേരള ഹൈക്കോടതി. കേസുകള്‍ ഫയല്‍ ചെയ്യുന്നതിലെ അപാകതകൾ, കേസ് ലിസ്റ്റ് ചെയ്യുന്ന സമയം, ദൈനദിന ഉത്തരവുകള്‍ എന്നിവ കക്ഷികളെയും അഭിഭാഷകരെയും വാട്ട്‌സാപ്പിലൂടെ അറിയിക്കുക. അതേസമയം, നിലവിലുള്ള നോട്ടിസ്, സമന്‍സ് തുടങ്ങിയ രീതികള്‍ തുടരുകയും ചെയ്യുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
കക്ഷികളെ സംബന്ധിച്ച് ഏറെ സഹായകരമാകുന്ന നീക്കമാണ് ഹൈക്കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്. നിലവിൽ കേസ് നടപടികളുടെ വിശദാംശങ്ങൾ അറിയണമെങ്കിൽ നേരിട്ട് പോവുകയോ, ഓൺലൈനായി കോടതിയിൽ കയറുകയോ, അഭിഭാഷകരോട് അന്വേഷിക്കുകയോ വേണം. അതല്ലെങ്കിൽ, ഹൈക്കോടതി വെബ്സൈറ്റിൽ കയറി കേസ് നമ്പർ അടക്കം നൽകി വിശദാംശങ്ങൾ എടുക്കാം. ഇതിനെല്ലാം പകരമായി, അഭിഭാഷകർക്കും, കക്ഷികൾക്കും വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുക എന്നതാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇ-ഫയലിങ്ങുമായി ബന്ധപ്പെട്ട അപാകതകൾ, ലിസ്റ്റിംഗ് വിവരങ്ങൾ, കോടതി നടപടികളെക്കുറിച്ചുള്ള അറിയിപ്പുകൾ, മറ്റു പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾ എന്നിവയാണ് വാട്സ്ആപ്പിൽ ലഭിക്കുക. ഒക്ടോബര്‍ ആറു മുതൽ സേവനം ലഭ്യമാകും. എന്നാൽ, വാട്ട്‌സ്ആപ്പ് വഴിയുള്ള ഈ അറിയിപ്പുകൾ നോട്ടിസുകൾക്കും മറ്റ് ഔദ്യോഗിക രേഖകൾക്കും പകരമാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഫോൺ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ ഹൈക്കോടതി വെബ്സൈറ്റിൽ ലഭ്യമാണ്. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ സ്ഥിരീകരിക്കുന്നത് നല്ലതായിരിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. അതേസമയം, വ്യാജ സന്ദേശങ്ങളെക്കുറിച്ചും കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. The High Court of Kerala എന്ന വെരിഫൈഡ് ഐ.ഡിയിൽ നിന്നായിരിക്കും കോടതിയിൽ നിന്നുള്ള ഔദ്യോഗിക സന്ദേശങ്ങൾ എത്തുക