സംസ്ഥാനത്ത് ഹൃദയം മാറ്റിവെച്ച അജിന്‍ ഏലിയാസും ആവണി കൃഷ്ണയും ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച ഡോ. ജോസ് ചാക്കോ പെരിയപ്പുറം മാധ്യമങ്ങളോട് പറഞ്ഞു. ഭക്ഷണം കഴിക്കാനും സംസാരിക്കാനും തുടങ്ങിയിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ മുറിയിലേക്ക് മാറ്റും. അവയവദാനത്തെ കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളാണ് മസ്തിഷ്‌കമരണത്തിന് ശേഷമുള്ള അവയവദാനങ്ങള്‍ ഇല്ലാതാക്കിയത്. മസ്തിഷ്‌കമരണശേഷം അവയവങ്ങള്‍ ദാനം ചെയ്യുന്നതിന് അവബോധം സൃഷ്ടിക്കാനും മന്ദഗതിയിലായിരുന്ന അവയവദാനം ഊര്‍ജിതമാക്കാനും ഈ ശസ്ത്രക്രിയകള്‍ സാഹചര്യം ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനും കാര്യക്ഷമമായി പ്രവര്‍ത്തിച്ചതിനാലാണ് 36 മണിക്കൂറിനുള്ളില്‍ രണ്ട് ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്താനായതെന്ന് ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാത്രി ഏറെ വൈകി വന്ന അറിയിപ്പില്‍ മന്ത്രി പി.രാജീവ് ഇടപെടുകയും അവയവദാനത്തിനായി ഹെലികോപ്റ്റര്‍ വിട്ടുകിട്ടാന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ചാലക്കുടിയിലായിരുന്ന ഹെലികോപ്റ്റര്‍ ഉടന്‍ തന്നെ സൗജന്യമായി വിട്ടുകിട്ടിയത്. രണ്ടാമത്തെ സര്‍ജറിക്ക് കുട്ടിയെ കൊണ്ടുവരുവാന്‍ മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ വിട്ടു നല്‍കുവാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഹെലികോപ്റ്റര്‍ ഉള്ള സ്ഥലത്ത് നിന്നും കൊല്ലത്ത് വന്ന് കുട്ടിയെ എടുത്ത് കൊച്ചിയിലേക്ക് എത്തുമ്പോള്‍ കൂടുതല്‍ സമയം എടുത്താലോ എന്നൊരു ആശങ്ക ഉണ്ടായിരുന്നത് കൊണ്ടാണ് ആ ശ്രമം വേണ്ടെന്നുവച്ചതെന്ന് ഫാ. പോള്‍ കരേടന്‍ പറഞ്ഞു. രണ്ട് അവയവദാനവും വളരെ സുഗമമായി നടപ്പിലാക്കാന്‍ സഹായിച്ച പൊലീസിനെയും, മാധ്യമങ്ങളേയും, അതുമായി സഹകരിച്ച പൊതുജനങ്ങളെയും അദ്ദേഹം നന്ദി അറിയിച്ചു.
ഹൃദയങ്ങള്‍ ദാനം ചെയ്ത ഐസക് ജോര്‍ജ്ജിന്റെയും ബില്‍ജിത്ത് ബിജുവിന്റെയും കുടുംബത്തിന് അജിന്റെയും ആവണിയുടെയും ബന്ധുക്കള്‍ നന്ദി പറഞ്ഞു. ഡോ. ജേക്കബ്ബ് എബ്രഹാം, ഡോ. ജീവേഷ് ജെ തോമസ്, ഡോ. ജോ ജോസഫ്, ആവണിയുടെ മാതാപിതാക്കളായ സന്തോഷ്‌കുമാര്‍, സിന്ധു സന്തോഷ്, അജിന്റെ സഹോദരന്‍ അഖില്‍ ഏലിയാസ്, സുഹൃത്ത് ബേസില്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ഡോ. ജോസ് ചാക്കോ പെരിയപുറത്തെയും മെഡിക്കല്‍ സംഘത്തെയും ലിസി ആശുപത്രി മാനേജ്‌മെന്റ് ചടങ്ങില്‍ ആദരിച്ചു.