മലപ്പുറം തിരൂരിൽ തുഞ്ചൻ മലയാള സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്തതിൽ മന്ത്രിയായിരുന്ന കെ.ടി.ജലീൽ കോടികളുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. തിരൂരിനടുത്ത് മാങ്ങാട്ടിരിയിൽ മലയാള സർവകലാശാലയ്ക്കായി സർക്കാർ ഏറ്റെടുത്ത 14 ഏക്കർ ഭൂമിയിൽ യൂത്ത് ലീഗ് നേതാക്കൾക്കൊപ്പം എത്തിയായിരുന്നു പി.കെ.ഫിറോസ് ആരോപണം ഉയർത്തിയത്.
സെന്‍റ് ഒന്നിന് 7000 രൂപ ന്യായവിലയുള്ള ഭൂമി 1.6 ലക്ഷം രൂപ വച്ച് സർക്കാരിന് മറിച്ചു വിറ്റതിൽ അന്നത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി.ജലീലിന് നേരിട്ട് പങ്കുണ്ടെന്നാണ് പി.കെ.ഫിറോസ് ഉയർത്തിയ ആരോപണം. മന്ത്രി വി.അബ്ദുറഹിമാന്‍റെ സഹോദരങ്ങളുടെ മൂന്ന് മക്കളും തിരൂരിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന ഗഫൂർ.പീ.ലീല്ലീസിന്റെ രണ്ട് സഹോദരന്മാരും ആണ് സർവകലാശാലയ്ക്ക് ഭൂമി കൈമാറിയത്.
കണ്ടൽകാടുകൾ നിറഞ്ഞ ഭൂമി നിർമാണ യോഗ്യമല്ലെന്ന് അറിഞ്ഞിട്ടും ഏറ്റെടുത്തത് കോടികളുടെ അഴിമതി മുന്നിൽക്കണ്ടാണ്. സെൻറ് ഒന്നിന് 35,000 രൂപയ്ക്ക് 2.85 ഏക്കർ ഭൂമി കൈമാറിയ മൊയ്തീൻകുട്ടിയും പി.കെ.ഫിറോസിനൊപ്പം ഉണ്ടായിരുന്നു. അന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീലിൽ നിന്ന് നഷ്ടം ഈടാക്കണമെന്നാണ് ആവശ്യം. തനിക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങൾക്ക് കെ.ടി.ജലീലിനെതിരെ നിയമനടപടി ആരംഭിച്ചതായും പി.കെ.ഫിറോസ് പറഞ്ഞു.
അതേസമയം, മലയാള സര്‍വകലാശാലയ്ക്കുള്ള ഭൂമി ഏറ്റെടുത്തത് യുഡിഎഫ് സര്‍ക്കാരെന്ന് കെ.ടി.ജലീല്‍. 2016ലാണ് കരാറുണ്ടാക്കിയത്. 2018ലാണ് താന്‍ ന്നതവിദ്യാഭ്യാസമന്ത്രിയായത്. യുഡിഎഫ് തീരുമാനിച്ച തുകയും സ്ഥലവും കുറച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും കെ.ടി.ജലീല്‍ പറഞ്ഞു.