ആക്രമണകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുന്നതിന് വ്യവസ്ഥ ചെയ്യുന്ന ബില്ലിൻ്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. സ്വകാര്യ ഭൂമിയിലെ ചന്ദനം മുറിക്കുന്നതിന് അനുവാദം നൽകുന്ന ബില്ലിനും മന്ത്രിസഭയുടെ പച്ചക്കൊടി . ഇവ തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കണ്ണിൽ പൊടിയിടാനാകരുത് നിയമ ഭേദഗതിയെന്ന് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ വിമർശനം ഉയർത്തി.
മലയോര മേഖലയിൽ ഭീതി പരത്തുന്ന പ്രശ്നത്തിന് പരിഹാരമായാണ് വന്യജീവി നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്. മനുഷ്യ ജീവനും സ്വത്തിനും നാശം സൃഷ്ടിക്കുന്ന വന്യജീവികളെ വെടിവെച്ചു കൊല്ലാൻ അനുമതി നൽകുന്നതാണ് ബിൽ . ഇതിൻ്റെ നടപടികൾ എളുപ്പത്തിലാക്കിക്കൊണ്ടും ജില്ലാകലക്ടർക്ക് തീരുമാനമെടുക്കാനുള്ള അധികാരം നൽകിക്കൊണ്ടുമുള്ള നിയമമാണ് കൊണ്ടുവരുന്നത്. എന്നാൽ കേന്ദ്രവന്യജീവി നിയമത്തെ മറികടക്കുന്ന ഭേദഗതി സംസ്ഥാനം കൊണ്ടു വരുന്നത് നിയമപരമായി നിലനിൽക്കുമോ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്. സംരക്ഷിത പട്ടിക ഒന്ന് രണ്ട് എന്നിവയിൽ ഉൾപ്പെട്ട ആന കടുവ തുടങ്ങിയ വന്യജീവികളെ അസാധാരണ സാഹചര്യത്തിൽ വെടിവെച്ച് കൊല്ലാനുള്ള അനുമതി നൽകാനുള്ള അധികരം ചീഫ് വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമാണ്. അത് കലക്ടർമാർക്ക് കൈമാറിയാലും കേന്ദ്രസർക്കാരും കോടതിയും അംഗീകരിക്കാൻ ഇടയില്ല . തിരഞ്ഞെടുപ്പ് വർഷത്തിൽ തിടുക്കപ്പെട്ട് ഇത്തരമൊരു നിയമ ഭേദഗതി കൊണ്ടുവരുന്നത് പ്രശ്ന പരിഹാരത്തെക്കാൾ വിവാദങ്ങൾക്ക് വഴി തുറക്കാനാണ് സാധ്യത .
സ്വകാര്യ ഭൂമിയിലെ ചന്ദനമരങ്ങൾ വനം വകുപ്പിൻ്റെ മേൽനോട്ടത്തിൽ മുറിച്ച് വിൽക്കാൻ അനുവാദം നൽകുന്ന ബില്ലും മന്ത്രിസഭ അംഗീകരിച്ചു. ഇവ വരുന്ന സഭാസമ്മേളനത്തിൽ അവതരിപ്പിക്കും ഇക്കോടൂറിസം ബോർഡ് ബിൽ കൂടുതൽ ചർച്ചകൾക്കായി മാറ്റി വെച്ചു.