കെഎസ്‌യു പ്രവര്‍ത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയതില്‍ പ്രതിഷേധവുമായി തൃശൂർ കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റ് ഗണേഷിന്‍റെ മാതാപിതാക്കള്‍. പൊലീസ് രാഷ്ട്രീയം കളിക്കുകയാണെന്നും ഡി.ജി.പിക്ക് ഉള്‍പ്പെടെ പരാതി നല്‍കിയെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഇത്തരം നടപടികളൊന്നും ഇതിന് മുന്‍പ് കണ്ടിട്ടില്ല. മുഖംമൂടി വച്ച് കണ്ടപ്പോള്‍ വിഷമമായി. പൊലീസ് വീട്ടില്‍ വന്ന് മകനെ ഇറക്കിവിടെടി എന്ന് പറഞ്ഞു. വാതിലില്‍ കൊട്ടി ചില്ല് തകര്‍ത്തെന്നും ഗണേഷിന്റെ അമ്മ പറഞ്ഞു.
Also Read: വിലങ്ങണിയിച്ച് തല മൂടിക്കെട്ടി നേതാക്കളെ കോടതിയിലെത്തിച്ചു
കെഎസ്‌യു പ്രവർത്തകരെ കറുത്ത മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ വടക്കാഞ്ചേരി പൊലീസിനെതിരെ പ്രതിഷേധം കനക്കുകയാണ്. കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുപ്പ് സമരം നടത്തി . കൊലയാളികളോ ഭീകരരോ അല്ലാത്ത തൃശൂർ കെ എസ് യു ജില്ലാ വൈസ് പ്രസിഡണ്ട് ഗണേഷ് ആറ്റൂർ ഉൾപ്പെടെയുള്ള മൂന്നു കോൺഗ്രസ് നേതാക്കളെയാണ് മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയത്. വടക്കാഞ്ചേരി എസ്എച്ച്ഓ ഷാജഹാന്റെ പ്രവർത്തിയിൽ പ്രതിഷേധിച്ച് ഇന്ന് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് കെഎസ്‌യു മാർച്ച് നടത്തും.
വടക്കാഞ്ചേരി എസ്എച്ച്ഒ ഷാജഹാന്റെ ഈ പ്രവർത്തിയെ ഡിസിസി പ്രസിഡൻറ് ജോസഫ് ടാജറ്റ് രൂക്ഷമായി വിമർശിച്ചു . കുന്നംകുളത്ത് പൊലീസ് മർദ്ദനമേറ്റ സുജിത്തിന്റെ കൂടെ നിന്ന് കോൺഗ്രസ് വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടത്തിയത്. കെഎസ്‌യു നേതാവിനെ പിടികൂടാൻ അർധരാത്രിയിൽ വീട്ടിൽ കയറിയ ഷാജഹാന് എതിരെ കഴിഞ്ഞദിവസം മാർച്ച് നടത്തിയിരുന്നു. ഇതിലുള്ള പ്രതികാര നടപടിയെന്നവണ്ണമാണ് പൊലീസിന്റെ മുഖംമൂടിക്കളി. വടക്കാഞ്ചേരി എസ് എച്ച് ഒ ഷാജഹാന് കോടതി കയ്യോടെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.