TOPICS COVERED

പ്ലാസ്റ്റിക് മദ്യക്കുപ്പിക്ക് ഈടാക്കുന്ന ഇരുപത് രൂപ തിരികെക്കിട്ടാന്‍ മദ്യപന്മാരുടെ എളുപ്പവഴി ഗുരുതര നിയമലംഘനമെന്ന് എക്സൈസ്. മദ്യം പൊട്ടിച്ച് മറ്റൊരു കുപ്പിയിലേക്ക് മാറ്റുമ്പോള്‍ യഥാര്‍ഥ മദ്യം അനധികൃത മദ്യമായി മാറും. പിടിവീണാല്‍ അകത്ത് കിടക്കാനുള്ള വകുപ്പുണ്ടെന്നാണ് മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്ന പോലെ തന്നെ കുപ്പിമാറ്റവും നല്‍കുന്ന മുന്നറിയിപ്പ്. 

ഇരുപത് രൂപ തിരികെ കിട്ടാനുള്ള എളുപ്പ മാര്‍ഗം അകത്തുപോകാനുള്ള വഴിയൊരുക്കുമെന്നും മദ്യപന്മാര്‍ ഓര്‍ക്കണം. ബെവ്കോ നല്‍കുന്നത് എക്സൈസ് പരിശോധിച്ച് ഉറപ്പാക്കി സീല്‍ ചെയ്ത ബോട്ടിലിലെ മദ്യം. ഇത് ഒഴിഞ്ഞ കുപ്പിയിലേക്ക് പകരുന്നതോടെ അംഗീകൃത മദ്യം അനധികൃതമാവും. സീലോ, ബില്ലോ ഇല്ലാതെയുള്ള മദ്യമാവും പിന്നീട് കൈവശമുണ്ടാവുക. ഇങ്ങനെ കൈയില്‍ കരുതുന്ന മദ്യം എക്സൈസോ, പൊലീസോ പിടികൂടിയാല്‍ വ്യാജമദ്യം സൂക്ഷിച്ചതിന് അകത്താകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. 20 രൂപ നഷ്ടപ്പെട്ടാലും സഹിക്കുക. മറ്റൊരു കുപ്പിയിലേക്ക് മദ്യം പകര്‍ന്ന് സൂക്ഷിക്കരുതെന്ന ന്യായമായ മുന്നറിയിപ്പ്. 

പ്ലാസ്റ്റിക് ബോട്ടിലൊന്നിന് ഇരുപത് രൂപ നിരക്കില്‍ ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ബവ്കോയുടെ പരീക്ഷണ പദ്ധതിയുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. ഫലത്തില്‍ ധനനഷ്ഠവും ജയില്‍വാസ സാധ്യതയും. ഇരുപത് രൂപ കൂടി അധികം നല്‍കണമെന്ന കാര്യം കൗണ്ടറില്‍ എത്തുമ്പോള്‍ മാത്രം അറിയുന്ന മദ്യപന്മാരെ പറഞ്ഞ് മനസിലാക്കാനും ജീവനക്കാര്‍ പരീക്ഷണം നേരിടുന്നുണ്ട്. രഹസ്യമായി ചെറുതൊന്ന് വാങ്ങി കുടിച്ചുതീര്‍ക്കുന്നതിനിടെ പലതിനെയും ഭയപ്പെടുന്ന മദ്യപാനികളില്‍ ഭൂരിഭാഗവും ബോട്ടിലൊന്നിന് ഇരുപത് രൂപ വീതം സര്‍ക്കാര്‍ ഖജനാവിലേക്ക് സംഭാവന നല്‍കിയെന്ന് ആശ്വസിക്കുകയാണ്. 

ENGLISH SUMMARY:

Excise rules violation warns of the dangers of transferring liquor to another bottle, as it can lead to legal issues. Doing so can transform legally purchased alcohol into illegal liquor and potentially result in imprisonment if caught by authorities.