സംസ്ഥാനത്തെ പ്രീമിയം ഷോപ്പുകളിൽ പണം നൽകിയാൽ സ്വകാര്യ മദ്യ കമ്പനിയ്ക്ക് മദ്യത്തിന്‍റെ പരസ്യം നൽകി വിൽപനയ്ക്കുള്ള പ്രത്യേക കൗണ്ടർ സൗകര്യം അനുവദിക്കാനൊരുങ്ങി ബവ്കോ. ബ്രാന്‍ഡൊന്നിന് അയ്യായിരം രൂപ വീതം വാങ്ങി മൂന്ന് വർഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൗണ്ടർ നൽകാൻ താൽപര്യപത്രം ക്ഷണിച്ചത്. സ്ഥലം അനുവദിക്കുന്നതിലൂടെ  സർക്കാരിന്‍റെ ഉടമസ്ഥതതയിലുള്ള സ്ഥാപനത്തിൽ സ്വകാര്യ കമ്പനികൾക്ക് അവരുടെ ബ്രാൻഡ് മദ്യം യഥേഷ്ടം വിൽക്കാൻ പ്രതിനിധിയെയും ചുമതലപ്പെടുത്താൻ കഴിയും.

ബവ്കോ സ്വന്തം നിലയിലോ, വാടക നൽകിയോ പ്രവർത്തിപ്പിക്കുന്ന ഷോപ്പുകളിൽ മൂന്ന് വർഷത്തേക്ക് സ്വകാര്യ കമ്പനി നൽകേണ്ടത് നാമ മാത്രമായ തുകയാണെന്നത് വലിയ വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലെ ഓരോ ഷോപ്പുകളിലായുള്ള പരീക്ഷണത്തിനാണ് ബവ്കോയുടെ തീരുമാനം. പ്രത്യേക കൗണ്ടർ തിരിച്ച് നൽകുന്നതിലൂടെ മദ്യത്തിന്‍റെ  'സവിശേഷതകള്‍' പറഞ്ഞ് കൊടുക്കാൻ പ്രതിനിധിയെയും ചുമതലപ്പെടുത്താം.

വിവിധ ബ്രാൻഡുകൾ ഇത്തരത്തിൽ തൊഴിലാളികളെ ചുമതലപ്പെടുത്തിയാൽ മദ്യം വാങ്ങാൻ എത്തുന്നവരെക്കാൾ കൂടുതൽ വിൽപ്പനക്കാർ കൗണ്ടറുകളിലുണ്ടായേക്കും. അങ്ങനെ സർക്കാരിന്റെ സ്ഥാപനത്തിൽ പതിയെ പതിയെ സ്വകാര്യ കമ്പനിയും പിടിമുറുക്കും. സർക്കാർ ഏത് ബ്രാൻഡ് പുറത്തിറക്കിയാലും 'ഗുണഗണങ്ങൾ' പഠിപ്പിച്ച് കൊടുക്കുന്നവരുടെ മാത്രം മദ്യം യഥേഷ്ടം വിറ്റുപോകും. പുതിയ ബ്രാൻഡിക്ക് പേരിടാൻ ജനങ്ങളെ ക്ഷണിച്ചതിനൊപ്പം പാരിതോഷികവും പ്രഖ്യാപിച്ച ബവ്കോയിൽ നിന്നും ഇനിയും ഇത്തരം കൗതുകങ്ങൾ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്. 

ENGLISH SUMMARY:

The Kerala State Beverages Corporation (BEVCO) is set to allow private liquor companies to set up dedicated counters in its premium shops. For a fee of ₹5,000 per brand, companies can display advertisements and appoint representatives to promote their products for a three-year period. This pilot project, initially planned for outlets in Thiruvananthapuram and Kollam, has sparked criticism over the privatization of government-run spaces. Critics argue that allowing private representatives to influence customers could sideline government-owned brands and lead to a private monopoly within BEVCO outlets. The move comes amid other recent controversies, including a logo-naming contest for a new government brandy brand