ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയിലെ നടത്തിപ്പിലും ഫീസ് പിരിവിലുമടക്കം ഗുരുതര ക്രമക്കേടെന്നു ഓഡിറ്റ് റിപ്പോര്‍ട്ട്. ലേണിങ് സപ്പോര്‍ടിങ് സെന്‍ററുകളുടെ പ്രവര്‍ത്തനത്തില്‍ പര്യാപ്തമായ രേഖകളോ നിരീക്ഷണ സംവിധാനങ്ങളോ ഇല്ല. ഫീസ് സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമായില്ലെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.  

ശ്രീനാരായണഗുരു ഓപണ്‍ യൂണിവേഴ്സിറ്റിയിലെ നിയമനങ്ങളില്‍ യോഗ്യത നിശ്ചയിച്ച് വിജ്ഞാപനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതു മുതല്‍ ഇന്‍റര്‍വ്യൂ ടെസ്റ്റ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും നിയമനങ്ങളിലും സുതാര്യതയില്ലെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ ആദ്യ കണ്ടെത്തല്‍. സര്‍വകലാശാലയ്ക്ക് 23 ലേണിങ് സപ്പോര്‍ട്ടീവ് സെന്‍ററുകളാണ് ഉള്ളത്. ഇവയുടെ പ്രവര്‍ത്തനത്തില്‍ പര്യാപത്മായ രേഖകളോ നിരീക്ഷണ സംവിധാനങ്ങളോ ഇല്ല. അതുകൊണ്ടു തന്നെ നിലവിലെ എംഒയു പുതുക്കിപഠന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നതിന് ആഭ്യന്തര ഓഡിറ്റിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നു റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. സംവരണ വിഭാഗത്തില്‍ പ്രവേശനം ലഭിക്കുന്ന അര്‍ഹതയുള്ള കുട്ടികള്‍ക്ക് ലഭിക്കുന്ന ഇ–ഗ്രാന്‍റിലെ കുട്ടികളുടെ ഫീസ് കുടിശ്ശിക എത്രയെന്നുള്ളതിലോ എത്ര കിട്ടിയെന്നതിലെ വിവരങ്ങളോ ലഭ്യമല്ലെന്നും കണ്ടെത്തി.

അഡ്മിഷന്‍ നേടുന്ന കുട്ടികളുടെ റജിസ്റ്റര്‍ പോലും കൃത്യമായി സൂക്ഷിക്കുന്നില്ല. സോഫ്റ്റ്​വെയറില്‍ വിവരങ്ങള്‍ ലഭ്യമാണെങ്കിലും ഡേറ്റ ജനറേറ്റ് ചെയ്യുന്ന ദിവസത്തെ അടിസ്ഥാനമാക്കിയാണ് വിവരങ്ങള്‍ ലഭ്യമാക്കുന്നതെന്നും റിപ്പോര്‍ട് പറയുന്നു. വലിയ ലക്ഷ്യങ്ങളോടെ സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്‍റെ പേരിലുള്ള ഓപ്പണ്‍ സര്‍വകലാശാലയില്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നുവെന്നാണ് കണക്കുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍ഥിക്കുന്നത്. ഇടപെടല്‍ അനിവാര്യമാണെന്ന സൂചനയും ഇത് നല്‍കുന്നു.

ENGLISH SUMMARY:

Sree Narayana Open University faces serious irregularities according to the audit report. This includes issues in management and fee collection, highlighting the need for intervention and improved monitoring of learning centers.