ശബരിമലയിലെ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളി തിരിച്ച് കൊണ്ടുവരാനാകില്ലെന്ന് ദേവസ്വം ബോര്‍ഡ്. ഇന്ന് ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി ഇന്ന് നല്‍കുമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത്. അറ്റകുറ്റപ്പണി നടത്തുന്നത് സ്വര്‍ണപ്പാളി സമര്‍പ്പിച്ച ഭക്തനെന്നും ദേവസ്വം ബോര്‍ഡ്.
ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണ്ണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയത് ഗുരുതര വീഴ്ചയാണെന്ന് സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു. ശ്രീകോവിലിന്റെ സമീപത്തെ അറ്റകുറ്റപ്പണികൾക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ അനുമതി ആവശ്യമാണ്. സ്വർണ്ണവുമായി ബന്ധപ്പെട്ട പണികൾ സന്നിധാനത്ത് തന്നെ നടത്തണമെന്നും കോടതി അനുമതി വാങ്ങണമെന്നും പ്രത്യേക നിരീക്ഷണ സമിതിയെ നിയോഗിക്കണമെന്നും നിർദ്ദേശങ്ങളുണ്ട്.
എന്നാൽ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തന്ത്രിയുടെയും തിരുവാഭരണ കമ്മീഷണറുടെയും അനുമതിയോടെയാണ് പാളികൾ ഇളക്കിയതെന്ന് വിശദീകരിച്ചു. സ്വർണ്ണത്തിന് മങ്ങലും കുത്തുകളും കാലിന്റെ ഭാഗത്ത് പൊട്ടലുമുള്ളതിനാലാണ് ഓണക്കാല പൂജയ്ക്ക് ശേഷം ഇത് ചെന്നൈയിലെ ഒരു കമ്പനിയിലേക്ക് കൊണ്ടുപോയത്. വിജിലൻസ് ഉദ്യോഗസ്ഥർ അടങ്ങുന്ന നിരീക്ഷണ സമിതി ഇതിനൊപ്പമുണ്ട്. അടുത്ത മണ്ഡലകാലത്തിനു മുൻപായി പണി പൂർത്തിയാക്കാനാണ് ലക്ഷ്യം. "താൻ അറിഞ്ഞുകൊണ്ടല്ല എന്നുള്ളത് ദേവസ്വം കമ്മീഷണറും സ്പെഷ്യൽ കമ്മീഷണറും വ്യക്തമാക്കുകയാണ്." ഇത് സംബന്ധിച്ച് ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.