മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഗതാഗത നിയമലംഘനങ്ങളുടെ പിഴ എഴുതി തള്ളാൻ തീരുമാനിച്ചിട്ടില്ലന്ന് ഗതാഗത കമ്മീഷണർ. അത്തരം ആലോചനയില്ലന്നും സി. എച്ച് നാഗരാജു അറിയിച്ചു.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പിഴ കുടിശിക എഴുതി തള്ളാനുള്ള ശുപാർശ മനോരമ ന്യൂസ്. കോം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മോട്ടോർ വഹന വകുപ്പ് എത്തിയത്. നിയമലംഘനങ്ങളുടെ പിഴ ചെലാൻ ഒരിക്കൽ തയാറാക്കിയാൽ പിന്നീട് റദ്ദാക്കാനാവില്ലെന്നും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
പിഴ എഴുതി തള്ളാന്‍ നീക്കം
മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വരുത്തിയ ഗതാഗത നിയമലംഘനങ്ങളുടെ പിഴ എഴുതി തള്ളാന്‍ നീക്കം നടക്കുന്ന വാര്‍ത്ത മനോരമ ന്യൂസ്.കോമാണ് പുറത്തു കൊണ്ടുവന്നത്. ലക്ഷങ്ങളുടെ കുടിശിക ഒഴിവാക്കണമെന്ന് ഗതാഗതകമ്മീഷണര്‍ ശുപാര്‍ശ നല്‍കി. ഗതാഗതമന്ത്രി മൗനസമ്മതം നല്‍കിയതോടെ നിയമോപദേശം തേടി.
Also Read: നാട്ടുകാര്‍ക്ക് പിഴ, ഏമാന്മാര്‍ക്ക് എന്തുമാകാം
എ.ഐയും അല്ലാത്തതുമായി നാടുനീളെ കാമറ. അതുകൂടാതെ വഴിയില്‍ കാത്തിരുന്നും ഒളിഞ്ഞിരുന്നുമുള്ള പരിശോധന. ഇങ്ങിനെ നാട്ടുകാരെ നിയമം പഠിപ്പിക്കാനും, നിയമം തെറ്റിക്കുന്നവരില്‍ നിന്ന് പിഴയെന്ന പേരില്‍ പണം പിരിക്കാനും ഓടിനടക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. എന്നാല്‍ ഗതാഗത നിയമലംഘനവും പിഴയുമൊക്കെ നാട്ടുകാരുടെ വിഷയം, ഞങ്ങള്‍ സാറുമ്മാര്‍ക്ക് അതൊന്നും ബാധകമല്ലെന്ന നിലപാടാണ് മോട്ടോര്‍വാഹനവകുപ്പിന്. അതുകൊണ്ട് മോട്ടോര്‍ വാഹനവകുപ്പിലെ വാഹനങ്ങള്‍ക്ക് വന്നിരിക്കുന്ന പിഴയും ഗതാഗത നിയമലംഘനകുറ്റവും എഴുതള്ളണമെന്നാണ് ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ.
18 ആര്‍.ടി ഓഫിസ്, 86 ജോയിന്‍റ് ആര്‍.ടി ഓഫീസ് എന്നിവിടങ്ങളിലെ വാഹനങ്ങളുടെ പിഴയാണ് എഴുതിതള്ളുന്നത്. എ.ഐ ക്യാമറ സ്ഥാപിച്ച 2023 മുതലുള്ള പിഴയും അതിന്‍റെ കുടിശികയും എഴുതി തള്ളണമെന്നാണ് ആവശ്യപ്പെടുന്നു. ഔദ്യോഗിക ആവശ്യത്തിനുള്ള യാത്രയുടെ ഭാഗമായാണ് പിഴ വന്നതെന്നതാണ് ന്യായീകരണമായി പറയുന്നത്. ശുപാര്‍ശ പരിശോധിച്ച ഗതാഗതമന്ത്രി നിയമോപദേശം തേടാന്‍ നിര്‍ദേശിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഗതാഗത കമ്മീഷണര്‍ നിയമോപദേശം തേടി. കോടതി അനുമതിയോടെ വേണം എഴുതിതള്ളാന്‍. അതിനാല്‍ എഴുതി തള്ളുന്നതിന്‍റെ പൊതുതാല്‍പര്യം എന്താണെന്ന് കോടതിയെ ബോധിപ്പിക്കണം. അത് കോടതി അംഗീകരിച്ചാല്‍ മാത്രമേ എഴുതിതള്ളല്‍ സാധ്യമാകൂവെന്നാണ് നിയമോപദേശം. മുഖ്യമന്ത്രിയുടെ അനുമതി തേടിയ ശേഷം തുടര്‍നടപടിയിലേക്ക് കടക്കാന്‍ കാത്തിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.