sreenath-tvm-police-attack

സംസ്ഥാനത്തിന്‍റെ പലഭാഗത്ത് നിന്നും പൊലീസിന്‍റെ അതിക്രമങ്ങള്‍ക്ക് ഇരയായവരുടെ വെളിപ്പെടുത്തലുകള്‍ തുടരുകയാണ്. സമാനതകളില്ലാത്ത ക്രൂരതയാണ് പലര്‍ക്കും പൊലീസില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുള്ളത്. ഇക്കൂട്ടത്തില്‍ മുന്‍ എംഎല്‍എ സി.കെ.സദാശിവന്‍റെ മകന്‍ പ്രവീണും ഉള്‍പ്പെടും. ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷനില്‍ എസ്ഐ ആയിരുന്ന ഡി.എസ്. സുമേഷ് ലാൽ തന്നെ മർദ്ദിച്ച ശേഷം മുഖത്ത് മുളക് സ്പ്രേ പ്രയോഗിച്ചെന്ന് യുവാവിന്‍റെ വെളിപ്പെടുത്തല്‍. 2023ലാണ് ചിറയിൻകീഴ് സ്വദേശിയായ ശ്രീനാഥ് എസ്.നായർക്ക് ദുരനുഭവം ഉണ്ടായത്. ഒരു കുടുംബവഴക്കുമായി ബന്ധപ്പെട് പരാതിയിൽ ശ്രീനാഥിനെ  വിളിച്ചുവരുത്തിയ എസ്.ഐ മർദ്ദിക്കുകയും പെപ്പർസ്പ്രേ പ്രയോഗിക്കുകയുമായിരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ എസ്.ഐയുടെ അതിക്രമം തെളിഞ്ഞെന്ന് ഡിവൈഎസ്.പിയുടെ അന്വേഷണത്തിൽ തെളിഞ്ഞെങ്കിലും അച്ചടക്ക നടപടിയുണ്ടായില്ല. ക്രൂര അതിക്രമത്തിനിരയായ ശ്രീനാഥ് ഇന്നും നിയമപോരാട്ടം തുടരുകയാണ്. 

ആറുമാസം മുന്‍പ് താന്‍ വാങ്ങിയ വാഹനത്തിന്‍റെ തകരാര്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഷോറൂമിലെത്തി സംസാരിച്ചതിനാണ് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സി.കെ.സദാശിവന്‍റെ മകന്‍ പ്രവീണിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചത്. കുറ്റവാളികളെ പിടിച്ചുകൊണ്ട് പോകുന്നത് പോലെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയും വയറിന് മുകളില്‍ കൈ കൊണ്ട് കുത്തുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നുവെന്ന് പ്രവീണ്‍ മനോരമന്യൂസിനോട് വെളിപ്പെടുത്തി. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് പ്രവീണ്‍ പരാതി നല്‍കിയിട്ടുണ്ട്. 

പൊലീസ് പീഡനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അഭിഭാഷകനും ആലപ്പുഴയിലെ എൽ ഡി എഫ് ഘടകകക്ഷി നേതാവുമായ ബിജിലി നടക്കാന്‍ തുടങ്ങിയിട്ട് 12 വർഷമായി. ജനതാദൾ എസ് ദേശീയ കൗൺസിലംഗവും മുൻ ജനറൽ സെക്രട്ടറിയുമായ അഡ്വ ബിജിലിയും വാഹനം പാര്‍ക്ക് ചെയ്യുന്നതില്‍ പൊലീസുമായുണ്ടായ തര്‍ക്കമാണ് കള്ളക്കേസില്‍ കലാശിച്ചത്. വിഷയം നിയമസഭയിലടക്കം ഉന്നയിക്കപ്പെട്ടെങ്കിലും നടപടി മാത്രം ഉണ്ടായില്ല. മുഖ്യമന്ത്രിക്ക് പരാതി നൽകുകയും പൊളിറ്റിക്കൽ സെക്രട്ടറിയെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തിട്ടും മർദിച്ച സിഐമാർക്ക് സ്ഥാനക്കയറ്റം കിട്ടിയതല്ലാതെ നടപടിയൊന്നുമുണ്ടായില്ലെന്ന് അഡ്വ. ബിജിലി ജോസഫ് മനോരമ ന്യൂസിനോട് പറഞ്ഞു.

അതിനിടെ, സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങളെ രൂക്ഷമായി വിമർശിച്ച്  സിപിഐ ദേശീയ കൗൺസിൽ അംഗവും മന്ത്രിയുമായ പി. പ്രസാദ്. പൊലീസ് മർദനങ്ങളെ അംഗീകരിക്കില്ലെന്നും, ന്യായീകരിക്കില്ലെന്നും പ്രസാദ് മനോരമ ന്യൂസിനോട് പറഞ്ഞു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. കൃത്യമായ അന്വേഷണം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ENGLISH SUMMARY:

Police brutality in Kerala is a serious issue, with multiple reports of abuse and misconduct surfacing. Victims are sharing their experiences, prompting calls for thorough investigations and accountability for the officers involved.