archana-murder-case

തൃശൂര്‍ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ അര്‍ച്ചന പൊള്ളലേറ്റ് മരിച്ചതില്‍ ഭര്‍ത്താവിന് പിന്നാലെ അമ്മായിയമ്മയും അറസ്റ്റില്‍. ഭര്‍‍ത്താവ് ഷാരോണിന്‍റെ അമ്മ രജനി (49) യെ റിമാന്‍ഡ് ചെയ്തു. സ്ത്രീധനപീഡന വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. അർച്ചനയുടെ അച്ഛന്റെ പരാതിയിൽ ഭർത്താവ് ഷാരോണിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഭർതൃപീഢനത്തിൽ മനംനൊന്താണ് അർച്ചന ആത്മഹത്യ ചെയ്തത് എന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

നവംബര്‍ 26 ന് ഉച്ചതിരിഞ്ഞ് നാലുമണിയോടെയാണ് വീടിന് പുറകിലെ കോൺക്രീറ്റ് കാനയില്‍ അര്‍ച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അംഗൻവാടിയിൽ നിന്ന് കൊണ്ടുവരാൻ ഷരോണിന്റെ അമ്മ പോയി തിരിച്ചുവന്നപ്പോഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്. ആറു മാസം മുൻപാണ് ഷാരോണും അർച്ചനയും തമ്മിൽ പ്രണയ വിവാഹം നടന്നത്. ഭർതൃപീഢനത്തിൽ മനംനൊന്തായിരുന്നു ആത്മഹത്യയെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീധനമില്ലാത്തതിന്‍റെ പേരില്‍ അർച്ചനയെ ഷാരോണ്‍ പീഡിപ്പിച്ചെന്നും ഭാര്യയെ ഫോൺ വിളിക്കാൻ പോലും സമ്മതിച്ചിരുന്നില്ലെന്നും നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 

പെയിന്റിങ്ങ് തൊഴിലാളിയായ ഷാരോൺ കഞ്ചാവു കേസിലെ പ്രതിയാണ്. അര്‍ച്ചനയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സമയത്താണ് അര്‍ച്ചനയും ഷാരോണും അടുക്കുന്നത്. ഷാരോണ്‍ ഉപദ്രവിക്കുന്ന കാര്യം അര്‍ച്ചന വീട്ടില്‍ അറിയിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങാന്‍ കുടുംബം അര്‍ച്ചനയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് അര്‍ച്ചനയെ വീടിന് പുറകിലെ കോൺക്രീറ്റ് കാനയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 

ENGLISH SUMMARY:

Thrissur police have arrested the mother-in-law, Rajani, after her son Sharon, was already taken into custody, in connection with the death of his pregnant wife, Archana. The family alleges Archana committed suicide due to severe dowry harassment and abuse, which police investigation has corroborated.