കിഫ്ബിയുടെ മസാലബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ക്കെതിരെ ഇഡി നോട്ടീസ് നല്‍കിയതില്‍ ആരോപണങ്ങള്‍ തള്ളി കിഫ്ബി സിഇഒ. ഫെമ ചട്ടലംഘനം നടന്നുവെന്ന ആരോപണം തെറ്റണെന്നും ആര്‍ബിഐ, ഫെമ നിയമങ്ങളെല്ലാം പാലിച്ചാണ് മസാല ബോണ്ട് ഇറക്കിയതെന്നും കിഫ്ബി വ്യക്തമാക്കി. അന്വേഷണത്തില്‍ ഫെമ ചട്ടലംഘനം കണ്ടെത്തിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ. എം എബ്രഹാം എന്നിവര്‍ക്കാണ് ഇഡി നോട്ടീസ് നല്‍കിയത്. ഇഡി നോട്ടീസ് നല്‍കിയെന്ന വാര്‍ത്ത മനോരമ ന്യൂസാണ് പുറത്തുവിട്ടത്.
മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. 2019ല്‍ 9.72% പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മസാലബോണ്ടിറക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്. ശനിയാഴ്ചയാണ് ഇഡി നോട്ടിസ് നല്‍കിയത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുന്‍പാകെ കംപ്ലെയിന്‍റ് സമര്‍പ്പിച്ചത്.
അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞവര്‍ഷം തോമസ് ഐസക്കിന് രണ്ട് തവണ ഇഡി സമന്‍സ് അയച്ചിരുന്നു. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ചട്ടലംഘനം നടന്നുവെന്ന ഇഡിയുടെ കണ്ടെത്തല്‍. കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചവര്‍ക്ക് പ്രതിനിധി വഴിയോ അഭിഭാഷകന്‍ വഴിയോ വിശദീകരണം നല്‍കാം. ഇരുപക്ഷവും കേട്ട ശേഷമായിരിക്കും അഡ്ജുഡിക്കേറ്റിങ് അതോറിറ്റിയുടെ അന്തിമതീരുമാനം.