Untitled design - 1

പാചകവാതക പ്രതിസന്ധിയുടെ മറവിൽ കരിഞ്ചന്ത വിൽപ്പന വ്യാപകം. ഭക്ഷ്യവകുപ്പ് നടത്തിയ ഒറ്റ ദിവസത്തെ പരിശോധനയിൽ കണ്ടെത്തിയത് 64 ഇടങ്ങളിലെ അനധികൃത കച്ചവടം. കോട്ടയം ജില്ലയിൽ നിന്ന് 57 ഗ്യാസ് സിലിണ്ടറും തിരുവനന്തപുരം ജില്ലയിൽ നിന്ന് 7 സിലിണ്ടറുകളുമാണ് പിടി കൂടിയത്. കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാനായി പൊലിസിന്റെ സഹായത്തോടെ പരിശോധന വ്യാപകമാക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. കരിഞ്ചന്ത വിൽപ്പന കണ്ടെത്തിയാൽ കേസെടുക്കാനുമാണ് തീരുമാനം.

 

Also read: പൈപ്പ് വഴി പ്രകൃതിവാതകമുള്ളവര്‍ക്ക് ഇനി എല്‍പിജി കിട്ടില്ല; ഭേദഗതി ഉത്തരവ് പുറത്തിറക്കി കേന്ദ്രം

 

ഹോർമൂസ് കടലിടുക്ക് പിന്നിട്ട എൽപിജി ടാങ്കറുകളായ ശിവാലികും നന്ദാദേവിയും ഇന്ത്യന്‍ നാവികസേനയുടെ അകമ്പടിയില്‍ തീരത്തേക്ക് അടുക്കുകയാണ്. ഇറാന്‍റെ അനുമതിയോടെ ഹോര്‍മുസ് പിന്നിട്ട ഈ ടാങ്കറുകള്‍ ദിവസങ്ങള്‍ക്കകം ഇന്ത്യന്‍ തീരത്തെത്തും. എല്‍പിജി ടാങ്കര്‍ ശിവാലിക് നാളെ ഗുജറാത്തിലെ മുദ്ര തുറമുഖത്തും നന്ദാ ദേവി മറ്റന്നാള്‍ കണ്ട്‌ല തുറമുഖത്തും എത്തിച്ചേരും. 22 കപ്പലുകൾ കൂടി ഇനിയും ഹോർമൂസ് കടക്കാനുണ്ട്. ഹോര്‍മൂസ് കടലിടുക്കിന്‍റെ പടിഞ്ഞാറ് ഭാഗത്താണ് ഈ കപ്പലുകളുള്ളത്. ഇതിൽ ആറെണ്ണം എൽപിജി ടാങ്കറും നാലെണ്ണം എണ്ണ ടാങ്കറുമാണ്. ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മൂസ് കടക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും എത്ര കപ്പലുകളാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി മുഹമ്മദ് ഫത്താലി പറഞ്ഞു.

 

അതേസമയം, പൈപ്പ് വഴി പ്രകൃതിവാതക കണക്ഷൻ അഥവാ പിഎന്‍ജി ഉള്ള വീടുകളിൽ ഇനിമുതൽ ഗാർഹിക എൽപിജി  സിലിണ്ടറുകൾ ഉപയോഗിക്കാൻ അനുമതിയുണ്ടാകില്ല. പുതിയ ഭേദഗതി ഉത്തരവ് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം പുറത്തിറക്കി. PNG ഉണ്ടെങ്കിൽ എൽപിജി കണക്ഷൻ ഉടനടി സറണ്ടർ ചെയ്യണം. ഇവർക്ക് എൽപിജി സിലിണ്ടറുകൾ കൈവശം വെക്കാനോ റീഫിൽ ചെയ്യാനോ അനുവാദമില്ല. പിഎൻജി കണക്ഷൻ ഉള്ളവർക്ക് സിലിണ്ടർ വിതരണം ചെയ്യുന്നത് നിരോധിത പ്രവർത്തനങ്ങളുടെ പട്ടികയിൽപ്പെടുത്തി. ഇരട്ട കണക്ഷനുകൾ ഒഴിവാക്കി പാചകവാതക വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ENGLISH SUMMARY:

LPG crisis is leading to widespread black market sales of cooking gas, with food department inspections uncovering numerous illegal operations and seizing cylinders. The government is intensifying checks to curb hoarding and black marketing to address the growing shortage.