പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നല്‍കുന്നതിന് ഡെപ്പോസിറ്റായി ഇരുപത് രൂപ അധികം വാങ്ങുന്ന ബവ്കോയുടെ പദ്ധതി ഇന്ന് മുതല്‍ ബെവ്കോ നടപ്പാക്കും. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലായി ഇരുപത് ഷോപ്പുകളിലാണ് പരീക്ഷണാടിസ്ഥാനത്തിലെ പദ്ധതി. ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മദ്യം വീട്ടിലെത്തിക്കുന്ന കാര്യത്തില്‍ അടുത്തവര്‍ഷം സര്‍ക്കാരില്‍ നിന്നും അനുമതി പ്രതീക്ഷിക്കുന്നതായും കൂടുതല്‍ മാളുകളില്‍ ബെവ്കോ കൗണ്ടറുകള്‍ തുറക്കുന്നതിനുള്ള ശ്രമം തുടരുമെന്നും ബെവ്കോ എം.ഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.
180 രൂപയുമായെത്തിയാല്‍ പൈന്‍ഡ് ബോട്ടില്‍ വാങ്ങാമെന്ന് കരുതേണ്ട. ഇരുപത് രൂപ കൂടി ചേര്‍ത്ത് ഇരുന്നൂറ് തന്നെ നല്‍കണം. ഇരുപത് രൂപ അധികം വാങ്ങിയതിന്‍റെ രസീത് കിട്ടും. ബോട്ടില്‍ ഇതേ ഷോപ്പില്‍ തിരികെ എത്തിച്ചാല്‍ നേരത്തെ വാങ്ങിയ ഇരുപത് രൂപ മടക്കി നല്‍കും. ബോട്ടില്‍ സ്വന്തം നിലയില്‍ കൊണ്ടുപോകാന്‍ പ്രയാസം തോന്നിയാല്‍ മറ്റാരുടെയെങ്കിലും കൈവശം കൊടുത്തുവിടാം. പക്ഷേ ബോട്ടിലില്‍ അംഗീകൃത ലേബലുണ്ടായിരിക്കണമെന്ന് മാത്രം.
തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ പത്ത് വീതം ഔട്ട് ലെറ്റുകളിലാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള ഡെപ്പോസിറ്റ് തുക വാങ്ങിയുള്ള മദ്യവിതരണം. ഒരുമാസത്തെ വിതരണം ഫലലം കണ്ടാല്‍ ജനുവരി മുതല്‍ ഭൂരിഭാഗം ഷോപ്പുകളിലേക്കും വ്യാപിപ്പിക്കും. ഓട്ട് ലെറ്റുകളിലെ തിരക്ക് കുറയ്ക്കാന്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പന തന്നെയാണ് ഉചിതമെന്നും അടുത്തവര്‍ഷം സര്‍ക്കാരിന്‍റെ അനുമതി പ്രതീക്ഷിക്കുന്നതായും എം.ഡി.
ഒക്ടോബര്‍ മുതല്‍ പേപ്പറില്‍ മദ്യം പൊതിഞ്ഞ് നല്‍കില്ല. പകരം ഉപഭോക്താവിന് ആവശ്യമെങ്കില്‍ കൗണ്ടറില്‍ 15, 20 രൂപ നിരക്കില്‍ തുണിസഞ്ചി ലഭിക്കും. 800 രൂപയ്ക്ക് മുകളിലുള്ള മദ്യം ചില്ല് കുപ്പിയില്‍ മാത്രമാക്കി വിതരണം ചെയ്യുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവും. കൂടുതല്‍ മാളുകളില്‍ ബെവ്കോ ഷോപ്പുകള്‍ തുടങ്ങാനുള്ള അനുമതിക്കായി ശ്രമം തുടരുകയാണെന്നും ഹര്‍ഷിത അത്തല്ലൂരി വ്യക്തമാക്കി.