സമാന്തയും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായതിനു പിന്നാലെ സമാന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. തന്‍റെ വെബ് സീരീസായ ദൂതയെ കുറിച്ചുള്ളതാണ് കുറിപ്പ്. വിവാഹത്തെക്കുറിച്ചോ സമാന്തയെക്കുറിച്ചോ ഒരു വാക്ക് പോലും പോസ്റ്റിൽ ഇല്ല, പകരം കലയോടുള്ള ആത്മാർത്ഥതയെക്കുറിച്ചും അത് പ്രേക്ഷകരിലേക്ക് എങ്ങനെ എത്തുന്നു എന്നതിനെക്കുറിച്ചുമാണ് നാഗ ചൈതന്യ പറയുന്നത്. എന്നാല്‍ സമാന്തയുടെ വിവാഹത്തോട് ബന്ധപ്പെടുത്തിയാണ് സോഷ്യല്‍മീഡിയ കുറിപ്പ് വായിച്ചെടുക്കുന്നത്.
ഒരു അഭിനേതാവ് എന്ന നിലയിൽ, സർഗാത്മകതയിലും സത്യസന്ധതയിലും ഊന്നി ഒരു തിരഞ്ഞെടുപ്പ് നടത്തുകയും, അതിൽ നിങ്ങളുടെ കഴിവിന്‍റെ പരമാവധി നൽകുകയും ചെയ്താൽ... പ്രേക്ഷകർ അത് സ്വീകരിക്കുമെന്ന് ‘ദൂത’ തെളിയിച്ചുവെന്നാണ് നാഗ ചൈതന്യ പറയുന്നത്. പ്രേക്ഷകര്‍ ദൂത ഇരുകൈയും നീട്ടി സ്വീകരിച്ചു. ദൂതയുടെ രണ്ട് വര്‍ഷം. ഇത് സാധ്യമാക്കിയ ടീമിന് സ്‌നേഹം എന്നും താരം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം തന്നെ കുറിപ്പ് വൈറലായി. വിവാഹ വാർത്തയോട് ഒരു പ്രതികരണവും നൽകാതെ കരിയറിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച നാഗ ചൈതന്യയുടെ ഈ കുറിപ്പ് ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. പോസ്റ്റിന് താഴെ കമന്‍റ് പ്രവാഹമായിരുന്നു. അഭിനന്ദനം അറിയിക്കുന്നവരും പഴയ വിവാഹത്തെ കുറിച്ചും സമാന്തയുടെ പുതിയ വിവാഹത്തെക്കുറിച്ചുമെല്ലാം കമന്‍റില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഒരുകാലത്ത് തെലുങ്ക് സിനിമയിലെ സ്വപ്ന ജോഡികളായിരുന്ന സമാന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും 2017-ൽ വിവാഹിതരായെങ്കിലും 2021 ൽ ഇരുവരും വേർപിരിഞ്ഞത് സിനിമാലോകത്തിന് ഞെട്ടലായിരുന്നു. വേർപിരിയലിന് ശേഷം ഇരുവരുടെയും ജീവിതത്തിലെ പുതിയ അധ്യായങ്ങളാണ് അടുത്തിടെ വാർത്തകളിൽ ഇടം നേടിയത്.സമാന്തയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിന് ശേഷം നാഗ ചൈതന്യയും നടി ശോഭിത ധൂലിപാലയും വിവാഹിതരായി. ഇപ്പോൾ സാമന്തയും തന്റെ ജീവിതത്തിൽ പുതിയ പങ്കാളിയെ കണ്ടെത്തിയിരിക്കുകയാണ്. സംവിധായകന്‍ രാജ് നിദിമോരുവിനെയാണ് സാമന്ത വിവാഹം കഴിച്ചത്.