ചിത്രം : രാഹുൽ ആർ. പട്ടം ∙ മനോരമ

ചിത്രം : രാഹുൽ ആർ. പട്ടം ∙ മനോരമ

മലയാളിക്കിന്ന് തിരുവോണം. കാലം എത്ര മാറിയാലും ഓണഘോഷത്തിന്റെ മാറ്റ് ഒട്ടും കുറയില്ല. സന്തോഷവും സമൃദ്ധിയും നിറഞ്ഞ തിരുവോണം, പഴമയും പുതുമയും ചേര്‍ത്ത് ആഘോഷിക്കുന്ന തിരക്കിലാണ് ലോകമെങ്ങുമുള്ള മലയാളികള്‍. മഹാബലി തന്റെ പ്രജകളെ കാണാൻ എഴുന്നെള്ളുന്ന ദിവസമാണ് തിരുവോണം എന്നാണ് ഐതിഹ്യം. പ്രിയ പ്രേക്ഷകര്‍ക്ക് മനോരമ ന്യൂസിന്റെ ഓണാശംസകള്‍.

വെറുമൊരു ആഘോഷമല്ല, മലയാളിക്ക് ഓണം. മറിച്ച് ഒത്തുചേരലിന്റെ നാളുകൾ കൂടിയാണ്.  ‘കാണം വിറ്റും ഓണം ഉണ്ണണ’മെന്നെ പഴമൊഴി അന്വര്‍ഥമാക്കി, ഇല്ലായ്മകളെല്ലാം മറന്ന് ഓണത്തെ മലയാളി ആഹ്ലാദ കാലമാക്കുന്നു. ഇന്ന് ലോകത്തിന്‍റെ പലയിടങ്ങളിലേക്ക് മലയാളികള്‍ കുടിയേറിയതോടെ കേരളത്തിനകത്തും പുറത്തും പൂവീട്ട് സദ്യയൊരുക്കി ആഘോഷങ്ങളായി. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം ഓണമുണ്ടെന്നായി.

വിളവെടുപ്പിന്റെ ഉല്‍സവം കൂടിയാണ് ഓണം. പഞ്ഞമാസം കഴിഞ്ഞെത്തുന്ന സമൃദ്ധിയുടെ നാളുകള്‍. കൊയ്യാൻ പാകത്തിലായ നെല്ലും കൊയ്തൊഴിഞ്ഞ പാടങ്ങളിൽ നടീലിനുള്ള തയാറെടുപ്പും ആരംഭിക്കുന്നു. ഇതോടെ പത്തായങ്ങള്‍ നിറയുന്നു. തൃക്കാക്കരയപ്പനെ സങ്കൽപിച്ച് ഒരുക്കുന്ന ഓണത്തപ്പന് പൂജ ചെയ്താണ് പലയിടങ്ങളിലും തിരുവോണം ആരംഭിക്കുന്നത്. മുറ്റത്തും വീട്ടുപടിക്കലും പൂവിട്ട് മഹാബലിയെ വരവേൽക്കുന്നു. അത്തം മുതൽ തിരുവോണം വരെ വീടുകള്‍ക്ക് മുന്നില്‍ പൂക്കളങ്ങളൊരുങ്ങും. തിരുവോണം മുതൽ പൂരുരുട്ടാതി വരെ ഓണത്തപ്പന്മാരും സ്ഥാനം പിടിക്കും. അത്തം മുതൽ തുടങ്ങുന്ന ആഘോഷങ്ങൾ ചതയ ദിനത്തോട് കൂടി അവസാനിക്കും. 

അതേസമയം, ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ഓണവില്ല് സമ‍ര്‍പ്പിച്ചു കഴിഞ്ഞു. ഓണവില്ല് തയാറാക്കുന്ന തിരുവനന്തപുരം കരമന മേലാറന്നൂര്‍ വിളയില്‍വീട് കുടുംബാംഗങ്ങള്‍ പുലര്‍ച്ചെ അഞ്ചിനാണ് ഓണവില്ലുകള്‍ ക്ഷേത്രനടയില്‍ എത്തിച്ചത്. ആറുതരം വില്ലുകളാണ് തിരുവോണത്തിന് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നത്. ശ്രീകോവിലില്‍ ഇവ സമര്‍പ്പിച്ച ശേഷം ആദ്യ ദര്‍ശനത്തിനുള്ള അവകാശവും മേലാറന്നൂര്‍ വിളയില്‍വീട് കുടുംബത്തിനാണ്. പൂജകള്‍ക്ക് ശേഷം 12,13 തീയതികളില്‍ ഓണവില്ല് ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യും. തിരുവോണത്തോടനുബന്ധിച്ച് കിഴക്കേനടയില്‍ കൂറ്റന്‍ പൂക്കളവും തീര്‍ക്കുന്നുണ്ട്. ആറന്മുള ക്ഷേത്രത്തില്‍ തുരുവോണത്തോണിയുമെത്തി.

മറുനാട്ടിലെ ഓണം

മറുനാട്ടിലും ഓണം കെങ്കേമമാക്കുകയാണം മലയാളികള്‍. വീടുകളിലെ ആഘോഷങ്ങൾക്കപ്പുറം ഒന്നിച്ചോണമാണ് ഡൽഹിക്കാർക്ക് പ്രധാനം. മയൂർ വിഹാറിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രമാണ് ആഘോഷങ്ങളുടെ കേന്ദ്രം. സദ്യയും കഥകളിയുമടക്കം വിപുലമായ പരിപാടികളാണ് ക്ഷേത്ര കമ്മിറ്റി ഒരുക്കിയിട്ടുള്ളത്. അതേസമയം, ബെംഗളൂരു മലയാളിക്ക് ഇത്തവണ ആശ്വാസത്തിന്റെ ഓണമാണ്. കേരള, കർണാടക ആർടിസികൾ ഉണർന്ന് പ്രവർത്തിച്ചതോടെ പോക്കറ്റ് കാലിയാവാതെ ഇത്തവണ നാട്ടിലെത്താനായി. കർണാക ആര്‍ടിസി തൊണ്ണൂറ്റിയൊന്നും കേരളം ദിവസവും അന്‍പത് അധിക സർവീസും പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുകളിൽ യാത്രക്കാർ കുറഞ്ഞു. ഇന്നലെ രാത്രി പോലും എറണാകുളത്തേക്ക് 1800 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമായിരുന്നു. മുൻ വർഷങ്ങളിലിത്  5000നും മുകളിലായിരുന്നു. റെയിൽവേ സ്പെഷൽ ട്രെയിനുകൾ മുൻകൂട്ടി പ്രഖ്യാപിച്ചതും തിരക്ക് കുറയ്ക്കാൻ സഹായിച്ചു. വാരാന്ത്യ അവധിയോട് അടുത്ത ദിവസങ്ങളിൽ തിരുവോണം എത്തിയത് ഐ.ടി കമ്പനികളിലെ ജീവനക്കാര്‍ക്ക്  കൂടുതൽ അവധിയെടുക്കാതെ കുടുംബത്തോടൊപ്പം  ആഘോഷിക്കാൻ സാഹചര്യം ഒരുക്കി. നാട്ടിൽ പോകാൻ കഴിയാത്ത മലയാളികൾ വീടുകളിലും ഫ്ലാറ്റുകളിലും ആഘോഷം തുടങ്ങി. മിക്കവരും കാറ്ററിങ്‌ ഏജൻസികളുടെയും ഹോട്ടലുകളുടെയും സദ്യയെ ആണ് ആഘോഷം പൊടിപൊടിക്കാൻ ആശ്രയിക്കുന്നത്.

ENGLISH SUMMARY:

Thiruvonam, the grandest festival of Kerala, is being celebrated today by Malayalis across the world with joy, prosperity, and cultural traditions. Despite changing times, the spirit of Onam remains unchanged — marked by floral carpets, sumptuous Onam Sadya, temple rituals, and festive games. Rooted in the legend of Mahabali, Onam brings families together in unity and celebration. From Kerala’s homes adorned with pookkalams to temples like Sree Padmanabhaswamy receiving sacred Onavillu, the festival reflects both devotion and cultural heritage. Abroad too, Malayalis rejoice with community feasts, cultural programs, and nostalgic traditions. This year, travel became easier with extra KSRTC, KSRTC-Karnataka, and railway services, allowing many to return home affordably for Onam. For those away, catered feasts and gatherings recreated the festive warmth. Truly, Onam is not just a festival but a celebration of unity, prosperity, and timeless Malayali culture.