ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ എൻ. ശങ്കറിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തു. ഓണത്തിന് നാട്ടിലേക്ക് പോകും വഴി ചിറങ്ങര ദേശീയപാതയിൽവെച്ച് ഇദ്ദേഹത്തിന്റെ കാർ തടഞ്ഞാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. കാറിൽനിന്ന് ഏഴ് കുപ്പി മദ്യവും ₹50,640 രൂപയും പിടിച്ചെടുത്തു.
രഹസ്യവിവരത്തെ തുടർന്നാണ് വിജിലൻസ് ഡിവൈഎസ്പി ജിം പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം എക്സൈസ് ഇൻസ്പെക്ടറെ പിടികൂടിയത്. പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കാൻ ശങ്കറിന് കഴിഞ്ഞില്ല. ഇത് 'മാസപ്പടി'യാണെന്ന് വിജിലൻസ് സംശയിക്കുന്നു. സംഭവത്തിൽ ശങ്കറിനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്യുമെന്ന് വിജിലൻസ് അറിയിച്ചു.