മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGS) പേരും ഘടനയും മാറ്റാനുള്ള യൂണിയൻ സർക്കാർ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും എത്രത്തോളം വിദ്വേഷമുണ്ടെന്ന് ഈ പേരുമാറ്റത്തിലൂടെ വ്യക്തമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

VB-G RAM G അഥവാ Viksit Bharat – Guarantee for Rozgar and Ajeevika Mission (Grameen) എന്നാണ് യൂണിയൻ സർക്കാർ രൂപം നൽകിയ പുതിയ ബില്ലിലൂടെ തൊഴിലുറപ്പ് പദ്ധതിയെ പുനർനാമകരണം ചെയ്തിരിക്കുന്നത്. എന്നാൽ സർക്കാർ രൂപം കൊടുത്ത ബില്ലിലൂടെ കേവലം പേരുമാറ്റം മാത്രമല്ല ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്‌ഥാന ലക്ഷ്യങ്ങളെപ്പോലും തുരങ്കം വെക്കുന്ന തീരുമാനമാണ് നടപ്പാക്കാൻ ശ്രമിക്കുന്നത്. 

സംസ്ഥാനങ്ങള്‍ക്കുമേൽ വലിയ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്ന തരത്തിലാണ് ബില്ലിലെ ഉള്ളടക്കം. ആവശ്യാധിഷ്ഠിത (demand-driven) പദ്ധതിയിൽ നിന്നും വിഹിതം അടിസ്ഥാനമാക്കിയ പദ്ധതിയായി (allocation-based) തൊഴിലുറപ്പ് പദ്ധതിയെ മാറ്റുക എന്നതാണ് ബില്ലിനു പിന്നിലെ അജണ്ട. തൊഴിൽരഹിതർ ആവശ്യപ്പെടുന്നതിനനുസരിച്ചുള്ള തൊഴില്‍ ലഭ്യമാക്കാൻ കഴിയുന്ന രീതിയിലായിരുന്നു നിലവിലുള്ള പദ്ധതിയുടെ ഘടന. അതിൽനിന്നും, ഏതാനും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ സാമ്പത്തിക വര്‍ഷവും സംസ്ഥാനങ്ങൾക്കുള്ള വിഹിതം യൂണിയൻ സര്‍ക്കാര്‍ മുന്‍കൂട്ടി നിശ്ചയിക്കുന്ന രീതിയിലേക്കാണ് മാറ്റം കൊണ്ടുവരുന്നത്.

നിലവിൽ പദ്ധതിയിലെ വേതന ഘടകത്തിന്റെ 100 ശതമാനവും യൂണിയൻ സര്‍ക്കാര്‍ വഹിക്കുന്ന നിലയും ഭൗതിക ഘടകത്തിന്റെ ചെലവുകൾ 75:25 എന്ന അനുപാതത്തിൽ യൂണിയൻ സർക്കാരും സംസ്ഥാന സർക്കാരു പങ്കിടുന്ന നിലയും ആയിരുന്നു. ഈ രണ്ട് ഘടകങ്ങളും 60:40 എന്ന അനുപാതത്തില്‍ യൂണിയൻ സർക്കാരും സംസ്ഥാനവും പങ്കിടണമെന്നാണ് ബില്ലിലെ വ്യവസ്ഥ.

ഇപ്പോൾ രൂപം കൊടുത്ത ബിൽ നിയമമാവുന്നതോടെ കേരളത്തിനുള്ള യൂണിയൻ ബജറ്റ് വിഹിതത്തില്‍ വലിയ കുറവാണുണ്ടാവുക. മൊത്തം ചെലവിന്റെ 60 ശതമാനം മാത്രം യൂണിയൻ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന നിലയുമുണ്ടാകും. 

പാവങ്ങളുടെ അത്താണിയായ തൊഴിലുറപ്പ് പദ്ധതിയെ എല്ലാ തരത്തിലും നിർവീര്യമാക്കാനാണ് യൂണിയൻ സർക്കാരിന്റെ ശ്രമം. സംസ്ഥാനങ്ങൾക്കുമേൽ കൂടുതൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്ന പുതിയ നിയമനിർമ്മാണത്തിൽ നിന്നും യൂണിയൻ സർക്കാർ പിൻവാങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. 

ENGLISH SUMMARY:

MGNREGS name change is facing strong opposition from the Kerala Chief Minister due to concerns about the scheme's core principles and financial burden on states. The proposed changes aim to shift the scheme from demand-driven to allocation-based, potentially impacting the availability of work for those in need and increasing the financial burden on states.