മലയാളികൾക്ക് ഓണം ആഘോഷിക്കാൻ മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് സ്പെഷൽ ട്രെയിൻ അനുവദിക്കാതെ റെയിൽവേ. തിരുവോണത്തിനു നാടുപിടിക്കാന്‍ നെട്ടോട്ടമോടുന്ന മലയാളികളെ വിമാന കമ്പനികളും കൊള്ളയടിക്കുകയാണ്. ട്രെയിൻ ടിക്കറ്റും കിട്ടാതായതോടെ ഓണക്കാലത്ത് കടുത്ത യാത്രാ ദുരിതമാണ് ഇവിടങ്ങളിലുള്ള മലയാളികള്‍ നേരിടുന്നത്. 

ഓണമടുക്കുമ്പോഴെങ്കിലും സ്പെഷല്‍ ട്രെയിന്‍ അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മുംബൈ മലയാളികൾ. എന്നാൽ ഈ നിമിഷം വരെ അത് ഉണ്ടായില്ല. വിമാന ടിക്കറ്റ് നിരക്കാവട്ടെ റോക്കറ്റ് വേഗത്തിലാണ് കുതിച്ചുയരുന്നതും. 9000 രൂപ മുതൽ 14000 രൂപ കൊടുത്താലേ വിമാനയാത്രയും സാധ്യമാകൂ. കൊങ്കൺ പാതയിലൂടെ അടുത്ത ദിവസങ്ങളിൽ കേരളത്തിലേക്കുള്ള ഒരു ട്രെയിനിൽ പോലും കൺഫേം ടിക്കറ്റില്ല. തത്കാലിലും ടിക്കറ്റ് ലഭിക്കുന്നില്ല. പ്രീമിയം തത്കാലിൽ കൊള്ളനിരക്കുമാണ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ആവശ്യമുയരുന്നത്. 

ഗണപതി ഉത്സവത്തിന് നിരവധി ട്രെയിനുകൾ അനുവദിച്ചതിനെ തുടര്‍ന്നുള്ള സാങ്കേതിക പ്രശ്നം കൊണ്ടാണ് ഈ തവണ അനുവദിക്കാഞ്ഞത് എന്നാണ് റെയിൽവേയുടെ അനൗദ്യോഗിക വാദം. 

ENGLISH SUMMARY:

Kerala Special Train availability is low impacting Onam travel. Many Malayalees are struggling to travel to Kerala from Mumbai due to the lack of special trains and high flight ticket prices.