ആയത്തുല്ല ഖമനയിയുടെ പിന്‍ഗാമിയായി മകന്‍ മുജ്തബ ഖമനയിയെ ഇറാന്‍ പരമോന്നത നേതാവായി തിരഞ്ഞെടുത്തു. 88 പുരോഹിതന്മാരടങ്ങുന്ന വിദഗ്ധ സമിതിയാണ് മുജ്തബയെ തിരഞ്ഞെടുത്തത്. മുജ്തബയുടെ നിയമനത്തോട് യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ തങ്ങള്‍ക്കും പങ്ക് വേണമെന്നും ഇല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് അധികകാലം തുടരാനാവില്ലെന്നും ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുക്കപ്പെടുന്നതാരോ അവരെ ലക്ഷ്യമിടുമെന്ന് ഇസ്രയേലും പ്രഖ്യാപനത്തിന് മുൻപ് ഭീഷണി മുഴക്കിയിരുന്നു.
ആയത്തുല്ല ഖമനയിയുടെ നിഴലായി പതിറ്റാണ്ടുകള്‍ ഇറാന്റെ രാഷ്ട്രീയ-സൈനിക നീക്കങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രമായിരുന്നു മുജ്തബ ഖമനയി. പരസ്യമായി ഭരണപദവികളൊന്നും വഹിച്ചിരുന്നില്ലെങ്കിലും ഭരണ, നീതിന്യായ, മതമേഖലകളില്‍ സുപ്രധാന സ്വാധീനമായിരുന്നു മുജ്തബ. 2009ലെയും 2022ലെയും പ്രതിഷേധത്തെ അടിച്ചമര്‍ത്തിയതും സാമ്പത്തിക ആരോപണങ്ങളും മറുവശത്ത് മുജ്തബയുടെ പദവിക്ക് മുന്നില്‍ ചോദ്യങ്ങളായി തുടരും.
രാജവംശത്തിലെ കുടുംബവാഴ്ചയ്ക്കെതിരെ പോരാടിയ നേതാവിന്റെ മകന്‍ ഒടുവില്‍ പിതാവിന്റെ പിന്‍ഗാമിയാകുന്നു. പരമോന്നത നേതാവിന്റെ ഓഫീസിലെ രാഷ്ട്രീയ-സുരക്ഷാ വിഭാഗം ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അതായിരുന്നു സ്ഥാനമെങ്കിലും ഇറാന്റെ ഭരണസിരാകേന്ദ്രമായ 'ബെയ്ത്-ഇ റഹ്ബാരി'യുടെ നിയന്ത്രണം കൈകളിലുള്ള നേതാവായിരുന്നു മുജ്തബ. സൈനിക വിഭാഗമായ ഇറാനിയൻ റെവല്യൂഷണറി ഗാർഡുമായി അടുത്തബന്ധം. IRGC കമാന്‍ഡര്‍മാരുടെ പൂര്‍ണപിന്തുണ. രഹസ്യാന്വേഷണ ഏജന്‍സി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക്.
ഖമനയിലേക്കെത്താന്‍ മുജ്തബയിലൂടെ കടന്നുപോകണമെന്നും യഥാര്‍ഥ അധികാരകേന്ദ്രം മുജ്തബയെന്നും വിക്കീലീക്സ് പുറത്തുവിട്ട രേഖകളില്‍ പരാമര്‍ശമുണ്ടായിരുന്നു. ഇറാന്റെ ആഭ്യന്തര-വിദേശ നയങ്ങളിൽ കടുത്ത നിലപാടുകൾ സ്വീകരിക്കുന്ന നേതാവായാണ് മുജ്തബ അറിയപ്പെടുന്നത്. യുഎസും ഇസ്രയേലുമായി വിട്ടുവീഴ്ചയ്ക്ക് തയാറാകാത്ത പാശ്ചാത്യ വിരുദ്ധത. 2009-ലെ 'ഗ്രീൻ മൂവ്‌മെന്റ്' പ്രതിഷേധങ്ങളെയും തുടർന്നുണ്ടായ ജനകീയ പ്രക്ഷോഭങ്ങളെയും അടിച്ചമർത്തുന്നതിലും 2022ല്‍ സ്ത്രീ അവകാശങ്ങള്‍ക്കുവേണ്ടി നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിലും നേതൃത്വം വഹിച്ചത് മുജ്തബ ആയിരുന്നുവെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു.
മകന്‍ പിന്‍ഗാമിയാകുന്നതില്‍ ഖമനയിക്ക് യോജിപ്പില്ലായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അധികാരം പൈതൃകമല്ലെന്ന നിലപാടില്‍ അധികാരത്തിലേറിയ ഇസ്ലാമിക് റിപ്പബ്ലിക്കിലെ അധികാരി അതേനിലപാടിലേക്ക് മടങ്ങിപ്പോകരുതെന്ന് ഖമനയി ആഗ്രഹിച്ചിരുന്നു. പക്ഷേ, പിതാവ് രക്തസാക്ഷിയായതിനാല്‍ തല്‍സ്ഥാനത്തേക്ക് മകന്‍ വരുന്നത് ഉചിതമെന്ന നിലപാടിലാണ് ഷിയ നേതൃത്വം. അതാണ് മുജ്തബയെന്ന പേരിലേക്ക് എത്താനും കാരണം.
രാജ്യം സാമ്പത്തിക ഞെരുക്കത്തിലൂടെ പോകുമ്പോഴും മുജ്തബയ്ക്ക് ലണ്ടനിലടക്കം സഹസ്രകോടികളുടെ സ്വത്തുക്കളും ബെനാമി ഇടപാടുകളുമുണ്ടെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ജനുവരിയില്‍ പുറത്തുവന്നിരുന്നു. 2019ല്‍ യുഎസ് മുജ്തബയ്ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതെല്ലാം വരുംനാളുകള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടേക്കും. ഖമനയി കൊല്ലപ്പെട്ടു. പകരമെത്തിയത് നിഴലായി കൂടെയുണ്ടായിരുന്ന മകന്‍. അതിനാല്‍തന്നെ അധികാരത്തിലേറുമ്പോള്‍ രാഷ്ട്രീയ വ്യവസ്ഥിതിയോ പ്രത്യയശാസ്ത്രമോ മാറാന്‍ സാധ്യതയില്ല, പകരം കൂടുതല്‍ കടുപ്പമായേക്കും.