കോളേജ് അധ്യാപകന് എതിരായ വ്യാജ പീഡന പരാതിയിൽ പ്രതികരിച്ച് മുൻ ദേവികുളം എം എൽ എ എസ് രാജേന്ദ്രൻ. പ്രഫസർ ആനന്ദ് വിശ്വനാഥൻ ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമെന്നു രാജേന്ദ്രന്‍ പറഞ്ഞു. പരാതിയുമായി സി പി എമ്മിനോ തനിക്കോ ബന്ധമില്ല. പരാതി നൽകിയ ശേഷം വിദ്യാർഥിനികൾ തന്നെ സമീപിച്ചിരുന്നു. പരാതി നൽകിയതോടെ അധ്യാപകൻ ക്രൂരമായി പെരുമാറുന്നു എന്ന് ആരോപിച്ചാണ് പരാതിക്കാർ തന്നെ സമീപിച്ചത്. അത്തരം നടപടികൾ ഉണ്ടാവാൻ പാടില്ലെന്ന് അന്നത്തെ പ്രിൻസിപ്പാളുമായി സംസാരിച്ചിരുന്നു. മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും എസ് രാജേന്ദ്രൻ പറഞ്ഞു. തനിക്കെതിരെ വ്യാജ പീഡന പരാതി തയ്യാറാക്കിയത് എസ് രാജേന്ദ്രന്റെ നേതൃത്വത്തിലാണെന്ന് ഇടുക്കി മൂന്നാർ ഗവൺമെന്റ് കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവി പ്രഫസർ ആനന്ദ് വിശ്വനാഥൻ ആരോപിച്ചിരുന്നു.
Read Also: കോപ്പിയടി പിടിച്ചു, വ്യാജ പീഡന പരാതി എഴുതിയത് സിപിഎം പാർട്ടി ഓഫീസിൽ
2014 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. അഡീഷണൽ ചീഫ് എക്സാമിനറായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥനെ കോപ്പിയടി പിടികൂടിയതിന് വിദ്യാർഥിനികൾ വ്യാജ പീഡനക്കേസിൽ കുടുക്കിയിട്ടത് 10 വർഷമാണ്. 3 വർഷം ജയിലിൽ കഴിഞ്ഞു. ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു. തെറ്റു ചെയ്തിട്ടില്ലെന്നു ബോധ്യമുള്ളതിനാൽ ആനന്ദ് ധീരമായി പോരാടി. ഒടുവിൽ കുറ്റവിമുക്തനെന്ന വിധി നേടി. തൊടുപുഴ അഡീഷണൽ സെഷൻസ് കോടതിയാണ് വെറുതെ വിട്ടത്.
2014 സെപ്റ്റംബർ 5ന് നടന്ന പരീക്ഷയുടെ അവസാനത്തെ മിനിറ്റിൽ താൻ ഹാളിനകത്ത് കയറിയപ്പോഴാണ് കോപ്പിയടി കണ്ടെത്തിയതെന്നു ആനന്ദ് പറഞ്ഞു. പിടിച്ച് അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്തു. പതിനാറാം തീയതിയാണ് അറിയുന്നത്, തനിക്കെതിരെ ഇങ്ങനെ ഒരു പരാതി ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നത്. സിപിഐഎം പാർട്ടി ഓഫീസിൽ വച്ചാണ് പരാതി എഴുതപ്പെട്ടത്. അത് ഈ കുട്ടികൾ തന്നെ കോടതിയിൽ നൽകിയ മൊഴിയാണ്. എ ടു സെഡ് വരെ തീരുമാനിച്ചത് സിപിഐഎം പാർട്ടി ഓഫീസിൽ വച്ചാണ്. എസ്എഫ്‌ഐക്കാരെല്ലാം കൂടി ചേര്‍ന്നുണ്ടാക്കിയ നാടകമാണിത്. എല്ലാ തലത്തിലും തന്നെ അവര് പോയ്ന്റ് ഔട്ട് ചെയ്ത് എങ്ങനെയെങ്കിലും ഉന്മൂലനം ചെയ്യാൻ കരുതിക്കൂട്ടി ഉണ്ടാക്കിയ ഒരു കേസായിരുന്നു ഇതെന്നു ആനന്ദ് വിശ്വനാഥന്‍ ആരോപിക്കുന്നു.