‘സർവീസിൽ നിന്നിറങ്ങിയിട്ട് നാലര കൊല്ലമായി. അതുകൊണ്ട് ആരുമായും ബന്ധങ്ങളില്ലായിരുന്നു. വല്ലാത്ത നാണക്കേടിന്‍റെ കാലമായിരുന്നു. കുടുംബമില്ലേ കുട്ടികളില്ലേ, എല്ലാം അതിജീവിച്ചു’ കരഞ്ഞ് കലങ്ങിയ ആ അധ്യാപകന്‍റെ വാക്കുകളിലുണ്ട് ഒരായൂസ് കാലം മുഴുവന്‍ ആ മനുഷ്യന്‍ അനുഭവിച്ച നൊമ്പരം,
അഡീഷണൽ ചീഫ് എക്സാമിനറായിരുന്ന പ്രഫ. ആനന്ദ് വിശ്വനാഥനെ കോപ്പിയടി പിടികൂടിയതിന് വിദ്യാർഥിനികൾ വ്യാജ പീഡനക്കേസിൽ കുടുക്കിയിട്ടത് 10 വർഷമാണ്. 3 വർഷം ജയിലിൽ, ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തു. തെറ്റു ചെയ്തിട്ടില്ലെന്നു ബോധ്യമുള്ളതിനാൽ ആനന്ദ് ധീരമായി പോരാടി. ഒടുവിൽ കുറ്റവിമുക്തനെന്ന വിധി നേടി. ഇടുക്കി മൂന്നാർ ഗവൺമെൻ്റ് കോളജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്ന ആനന്ദ് വിശ്വനാഥനെയാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്. 2014ലാണ് കേസിന് ആസ്പദമായ സംഭവം.
2014 സെപ്റ്റംബർ 5ന് നടന്ന പരീക്ഷയുടെ അവസാനത്തെ മിനിറ്റിലാണ് ഞാൻ ഹാളിലകത്ത് കയറിയപ്പോഴാണ് കോപ്പിയടി കണ്ടെത്തിയത്. പിടിച്ച് അപ്പോൾ തന്നെ ഞാൻ റിപ്പോർട്ട് ചെയ്തു. പതിനാറാം തീയതിയാണ് അറിയുന്നത്, എനിക്കെതിരെ ഇങ്ങനെ ഒരു പരാതി ലഭിച്ചിട്ടുണ്ടെന്ന് അറിയുന്നത്. സിപിഐഎം പാർട്ടി ഓഫീസിൽ വച്ചാണ് പരാതി എഴുതപ്പെട്ടത്. അത് ഈ കുട്ടികൾ തന്നെ കോടതിയിൽ നൽകിയ മൊഴിയാണ്. എ ടു സെഡ് വരെ തീരുമാനിച്ചത് സിപിഐഎം പാർട്ടി ഓഫീസിൽ വച്ചാണ്. എസ്എഫ്‌ഐക്കാരെല്ലാം കൂടി ചേര്‍ന്നുണ്ടാക്കിയ നാടകമാണിത്. എല്ലാ തലത്തിലും എന്നെ അവര് പോയ്ന്റ് ഔട്ട് ചെയ്ത് എങ്ങനെയെങ്കിലും ഉന്മൂലനം ചെയ്യാൻ കരുതിക്കൂട്ടി ഉണ്ടാക്കിയ ഒരു കേസാണ് ഇത്’ അദ്ദേഹം പറഞ്ഞു